ഇസ്രയേല്‍ സൈന്യത്തിന് പിന്തുണ; ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ ഹൂതിവിമതര്‍ക്കു നേരേ അമേരിക്കയുടെ ആക്രമണം

ഇസ്രയേല്‍ സൈന്യത്തെ പിന്തുണച്ച് യെമനിലെ ഹൂതിവിമതര്‍ക്കു നേരേ അമേരിക്ക ആക്രമണം നടത്തി. യുദ്ധവിമാനങ്ങളും കപ്പലുകളും പങ്കെടുത്ത ആക്രമണത്തില്‍ ഹൂതികളുടെ 15 കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്കന്‍ നാവികസേന വ്യക്തമാക്കി. തലസ്ഥാനമായ സനാ അടക്കം യെമനിലെ പ്രധാന നഗരങ്ങളിലെല്ലാം സ്‌ഫോടനമുണ്ടായി. നാവികസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അമേരിക്കന്‍ സേന പറഞ്ഞു.

ഹൂതികള്‍ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകള്‍ ആക്രമിക്കുന്നുണ്ട്. രണ്ടു കപ്പലുകള്‍ മുങ്ങി. ഇതിനെ തുടര്‍ന്ന് അമേരിക്ക ഹൂതികള്‍ക്ക് നേരെ ഇടക്കിടെ ആക്രമണം നടത്തി വരുന്നുണ്ട്.
ചെങ്കടലിലെ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുഎസ് നേവിയുടെ കൈവശമുള്ള ഏറ്റവും വലിയ രണ്ടാമത്തെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കനെ അമേരിക്ക നിയോഗിച്ചിരുന്നു.
അമേരിക്ക- ഇറാഖ് യുദ്ധസമയത്തും ഈ കപ്പലിനെ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരുന്നു. നിലവില്‍ നേവിയുടെ എട്ടാമത്തെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് ഹാരി എസ് ട്രൂ മാന്‍ പ്രദേശത്തുണ്ട്. ഒരു നിര്‍ദ്ദേശം ഉണ്ടാകുന്നതുവരെ എബ്രഹാം ലിങ്കണ്‍ പ്രദേശത്ത് തന്നെ തുടരുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ അറിയിച്ചു.

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലുകളില്‍ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. ആണവായുധങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന എഫ്35 യുദ്ധ വിമാനങ്ങളെ വഹിക്കാന്‍ കഴിയുന്ന ഈ കപ്പല്‍ അമേരിക്കന്‍ നാവിക സേനയുടെ അഞ്ചാമത് നിമിറ്റ്‌സ് ക്ലാസില്‍പ്പെടുന്നതാണ്.