ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന. ശത്രുക്കളുടേതെന്ന് കരുതിയാണ് യുഎസ് മിസൈല്‍വേധ സംവിധാനം അബദ്ധത്തില്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശേഷമാണ് തങ്ങളുടെ തന്നെ സൈനിക വിമാനമാണെന്ന് അമേരിക്കയ്ക്ക് മനസിലായത്. വിമാനത്തിലെ പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു.

യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ ഗൈഡഡ് മിസൈല്‍ ക്രൂയിസര്‍ യുഎസ്എസ് ഗെറ്റിസ്ബര്‍ഗ് തെറ്റായി എഫ്/എ-18-നെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

രണ്ട് പൈലറ്റുമാരെയും വിമാനത്തില്‍ നിന്നും ജീവനോടെ വീണ്ടെടുത്തു. ഒരു പൈലറ്റിന് നിസാര പരിക്കുകളുണ്ട്. യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസ് സൈന്യം ആ സമയത്ത് വ്യോമാക്രമണം നടത്തിയിരുന്നു, യുഎസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് അവരുടെ ദൗത്യം എന്താണെന്ന് വിശദീകരിച്ചിട്ടില്ല.