'നമ്മൾ ആഭ്യന്തരയുദ്ധത്തോട് അടുത്തിരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്

ഇസ്രായേൽ മുന്നത്തെക്കാളും കൂടുതൽ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് അടുത്തിരിക്കുന്നുഎന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്. രാജ്യത്തിന്റെ നിലവിലുള്ള സംഭവ വികാസങ്ങളെയും രാഷ്ട്രീയ സാഹചര്യത്തെയും മുൻനിർത്തി അദ്ദേഹം ശക്തമായി മുന്നറിയിപ്പ് നൽകി. ഗാസയിലെ യുദ്ധത്തിനിടയിൽ ഇസ്രായേൽ സമൂഹത്തിനുള്ളിൽ ആഭ്യന്തര സംഘർഷങ്ങളും ആഴത്തിലുള്ള ഭിന്നതകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത് അവസാനിപ്പിക്കാനും തടവുകാരെ കൈമാറുന്ന കരാറിലെത്താനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിച്ച സാഹചര്യത്തിലുമാണ് ഓൾമെർട്ടിന്റെ പരാമർശങ്ങൾ ചർച്ചയാവുന്നത്.

ഹാരെറ്റ്സ് പത്രത്തിലെ ഒരു ലേഖനത്തിൽ ഓൾമെർട്ട് എഴുതുന്നു: “പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇസ്രായേലിന്റെ സുപ്രീം കോടതിയിൽ നടന്ന ഒരു കൂട്ടം ഗുണ്ടകളുടെ ആക്രമണം, ഈ രാജ്യത്തെ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ തന്നെ തകർക്കാൻ രൂപകൽപ്പന ചെയ്ത ഒരു പ്രക്രിയയുടെ അടുത്ത ഘട്ടമാണ്.” “ഇപ്പോൾ “ഡീപ് സ്റ്റേറ്റ്” എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്ന ഈ സ്ഥാപനങ്ങൾക്കെതിരായ യുദ്ധം, ഇസ്രായേലിന്റെ ജനാധിപത്യ അടിത്തറ തകർക്കാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ ആസൂത്രിത ശ്രമത്തിലെ ഒരു സുപ്രധാന ഘട്ടമാണ്.” ഓൾമെർട്ട് കൂട്ടിച്ചേർത്തു.

Read more

അധിനിവേശ രാജ്യത്ത് ജുഡീഷ്യറിയുടെ പങ്കിനെക്കുറിച്ചുള്ള, പ്രത്യേകിച്ച് സുപ്രീം കോടതിയുടെ അധികാരം, പ്രതിരോധം തടവിലാക്കിയ ഇസ്രായേലി തടവുകാരെ ബലികഴിച്ച് ഗാസയ്‌ക്കെതിരായ തുടർച്ചയായ യുദ്ധം, നെതന്യാഹുവിന്റെ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളും വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും നിലനിൽക്കുന്നതിനിടയിലാണ് ഓൾമെർട്ടിന്റെ വാക്കുകൾ. നിലവിൽ രാജ്യത്ത് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. രാജ്യത്തെ വലതുപക്ഷ പാർട്ടികളുടെ പിന്തുണയോട് കൂടി തന്റെ അധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഗാസ വെടിനിർത്തൽ തുടരാതിരിക്കാൻ നെതന്യാഹു തീരുമാനിച്ചതെന്ന് നിരീക്ഷകരും പ്രതിപക്ഷവും ചൂണ്ടികാണിക്കുന്നു.