ലോകത്തിന് ആശങ്കയായി കൊവിഡ് 19 പകർച്ചവ്യാധിയ്ക്ക് ശേഷം ചെെനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് HMPV. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
എച്ച്എംപിവി വൈറസ് പടരുന്നു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോക്ടര്‍ അതുല്‍ ഗോയല്‍ രംഗത്തെത്തിയിരുന്നു. ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറൽ ചികിത്സയൊന്നുമില്ല. അതിനാൽ അതിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു. ജലദോഷത്തിന് കാരണമാകുന്ന മറ്റേതൊരു ശ്വാസകോശ വൈറസിനെയും പോലെയാണ് മെറ്റാപ്‌ന്യൂമോവൈറസ്.
എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയും പൊതുവായ മുൻകരുതലുകൾ എടുക്കുക എന്നതാണ്. അതായത് ആർക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കിൽ ആളുകളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും ഡോ. അതുൽ കൂട്ടിച്ചേർത്തു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. ജലദോഷമോ പനിയോ ഉള്ളപ്പോൾ ആവശ്യമായ സാധാരണ മരുന്നുകൾ കഴിക്കുക. അല്ലാത്തപക്ഷം നിലവിലെ അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് പടരുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. ആശങ്ക വേണ്ടതില്ല, എന്നാൽ ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യമാണെന്ന് പോസ്റ്റിൽ പറയുന്നു. HMPV വൈറസ്, കോവിഡ് 19 ന്റെ ചില വകഭേദങ്ങൾ, ഇൻഫ്ലുവൻസ എ വൈറസ്ബാധകൾ എന്നീ വൈറസ് ബാധകളാണ് പടരുന്നതായി റിപ്പോർട്ട് ചെയ്യുന്നതെന്നും എന്നാൽ ഇവയിൽ ഒന്നിലും മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.
ലോകത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിക്ക് ശേഷം ചൈനയെ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് കീഴടക്കിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വൈറസ് അതിവേഗം പടരുന്നതായിട്ടാണ് സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകളെ സൂചിപ്പിക്കുന്നത്. ചൈനയിലെ ആശുപത്രികളും ശ്മാശാനങ്ങളും നിറഞ്ഞുവെന്നും, കോവിഡിനോട് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ചൈനയിലുള്ളതെന്നും ഈ പോസ്റ്റുകള്‍ അവകാശപ്പെടുന്നു. മാത്രമല്ല, വൈറസിന്റെ വ്യാപ്തി കാരണം ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പോലും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
കോവിഡ് പകരുന്നതിനോട് സമാനമായി തന്നെ, ചുമ, തുമ്മല്‍ എന്നിവയില്‍ നിന്നുള്ള സ്രവങ്ങള്‍ വഴി HMPV ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരും. അതുപോലെ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം, മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുക തുടങ്ങിയ സാഹചര്യങ്ങളിലും വൈറസ് പകരും. വൈറസ് ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദുര്‍ബലമായ പ്രതിരോധശേഷിയുള്ള വ്യക്തികള്‍ക്കും ഉയര്‍ന്ന അപകട സാധ്യതകള്‍ ഉണ്ടാക്കും. അതിനാല്‍. രോഗ ലക്ഷണങ്ങള്‍ വന്നതിനു ശേഷം, പനി മാറ്റമില്ലാതെ മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍ ആശുപത്രിയില്‍ എത്തേണ്ടത് പ്രധാനമാണ്.
എന്നാല്‍, അതിതീവ്രമായ കേസുകളില്‍ മാത്രം, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് വഴി മാറും. എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. എങ്കിലും, അണുബാധയുടെ തീവ്രതയനുസരിച്ച് രോഗലക്ഷണങ്ങള്‍ വ്യത്യസ്ത കാലയളവിലേക്ക് നീണ്ടുനില്‍ക്കുമെന്നു മാത്രം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് ഈ വാർത്തകളോട് പ്രതികരിക്കുന്നത്.