സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനങ്ങളില്‍ പരിതപിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇക്കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയാണ് ഹര്‍ഭജന്‍ പരോഷമായി പഴിക്കുന്നത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമില്‍ നിന്ന് ഇറങ്ങുന്നതുവരെ കാര്യങ്ങള്‍ വളരെ മികച്ചതായിരുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തെ ഇന്ത്യയുടെ പ്രകടനം നോക്കുക. ശ്രീലങ്കയോട് ഏകദിനം തോറ്റു. ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിട്ടു. ഇപ്പോള്‍ ഓസ്ട്രേലിയയോട് 3-1നും തോറ്റു. രാഹുല്‍ ദ്രാവിഡ് അവിടെയുള്ളപ്പോള്‍ എല്ലാം നന്നായി പോയിരുന്നു. ഇന്ത്യ ലോകകപ്പടക്കം നേടി.
എന്നാല്‍ പെട്ടെന്നാണ് എല്ലാം മാറിയിരിക്കുന്നത്. താരങ്ങളുടെ ഫോം നോക്കിയാണ് ടീം തിരഞ്ഞെടുക്കേണ്ടത്. എല്ലാ താരങ്ങള്‍ക്കും അഭിമാനമുണ്ട്. സൂപ്പര്‍ സ്റ്റാര്‍ പരിഗണനവെച്ച് ടീമിനെ തിരഞ്ഞെടുക്കുന്ന രീതി ബിസിസിഐ നിര്‍ത്തണം- ഹര്‍ഭജന്‍ പറഞ്ഞു.
പ്രതിഭയുള്ള പല താരങ്ങളും ഇപ്പോഴും ടീമിന് പുറത്താണെന്ന പരാതിയും ഹര്‍ഭജനുണ്ട്. ‘അഭിമന്യു ഈശ്വരനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി എന്നാല്‍ കളിപ്പിച്ചില്ല. ഇന്ത്യ അവസരം നല്‍കിയാലേ അവന് കളിച്ച് മികവ് കാട്ടാന്‍ സാധിക്കൂ.’
‘സര്‍ഫ്രാസും ഇത്തരത്തില്‍ അവസരം അര്‍ഹിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനം മുന്നിലെത്തിയിരിക്കുകയാണ്. അതില്‍ അര്‍ഹിച്ച താരങ്ങള്‍ക്ക് അവസരം നല്‍കണം’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.