വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്ഥാനിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻപൗരൻ കുല്‍ഭൂഷണ്‍ ജാധവിന് നയതന്ത്ര സഹായം തിങ്കളാഴ്ച നല്‍കുമെന്ന് പാകിസ്ഥാന്‍. ഞായറാഴ്ചയാണ് പാകിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്. ജാധവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നുമുള്ള അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണിത്.
Read more
ചാരപ്രവര്‍ത്തനവും ഭീകരവാദവും ആരോപിച്ചാണ് പാക് പട്ടാളക്കോടതി 2017 ഏപ്രിലില്‍ ജാധവിനു വധശിക്ഷ വിധിച്ചത്. അറസ്റ്റിലായതിനു ശേഷം ജാധവിനു നയതന്ത്ര സഹായം അനുവദിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. 1963-ലെ വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരം വിദേശ രാജ്യങ്ങളില്‍ അറസ്റ്റിലാവുന്ന ആളുകള്‍ക്കു മാതൃരാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും നിയമസഹായം തേടാനുമുള്ള സൗകര്യം നല്‍കണം. കുല്‍ഭൂഷണ് ഇതു നിഷേധിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് കേസില്‍ പുനര്‍വിചാരണയ്ക്കും ജാധവിനു നയതന്ത്ര സഹായം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.