അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് പുതിയ തലമുറക്ക് അവസരം നൽകാനാണെന്ന് ജോ ബൈഡൻ. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഇത് പുതുതലമുറയുടെ ശബ്ദം കേൾക്കേണ്ട സമയമാണെന്നും ജോ ബൈഡൻ പറഞ്ഞു. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തത്.
‘പുതിയ തലമുറയ്ക്ക് അവസരങ്ങൾ കൈമാറുക എന്നതാണ് ഏറ്റവും നല്ല വഴിയെന്ന് ഞാൻ തീരുമാനിച്ചു. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. പൊതുജീവിതത്തിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. എന്നാലിപ്പോൾ പുതുതലമുറയുടെ ശബ്ദം കേൾക്കേണ്ട സമയമാണ്’- ബൈഡൻ പറഞ്ഞു.
I believe my record, my leadership, and my vision for our future merited a second term – but nothing can come in the way of saving our democracy.
That includes personal ambition.
The best way forward is to pass the torch to a new generation.
That’s how we unite our nation.
— President Biden (@POTUS) July 25, 2024
“രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തവണ നമ്മളെടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തിൻ്റെ ഗതി നിർണയിക്കും. രാജ്യം മുന്നോട്ട് പോകണോ പിന്നോട്ട് പോകണോയെന്ന് നമ്മൾ തീരുമാനിക്കണം. വെറുപ്പും വിഭജനവും വേണോ അതോ പ്രതീക്ഷയും ഐക്യവും വേണോ എന്ന് തീരുമാനിക്കണം”- ബൈഡൻ വ്യക്തമാക്കി.
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിന്മാറിയതോടെ ശേഷിക്കുന്ന കാലയളവിൽ ഉഴപ്പുമെന്ന വിമർശനങ്ങൾക്കും ബൈഡൻ മറുപടി നൽകി. പ്രസിഡണ്ട് എന്ന നിലയിൽ വരുന്ന ആറ് മാസം തൻ്റെ ജോലിയിൽ ശ്രദ്ധ പതിപ്പിക്കുമെന്നായിരുന്നു ബൈഡന്റെ മറുപടി. കുടുംബ ചെലവുകൾ കുറയ്ക്കും. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടെയുള്ള സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കാനും താൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള ബൈഡൻ്റെ തീരുമാനം. മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണെമന്ന് ഡെമോക്രാറ്റുകൾ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രായാധിക്യം ബൈഡന് വലിയ തിരിച്ചടിയായിരുന്നു.