യുഎന്‍ ജീവനക്കാരെ ഹൂതികള്‍ തടവിലാക്കി; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിലപേശലിന് ശ്രമം; ശക്തമായ ആക്രമണം അഴിച്ചുവിട്ട് അമേരിക്ക

ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന 11 പേരെ തടവിലാക്കി യെമനിലെ ഹൂതി വിമതര്‍. ഇന്നു പുലര്‍ച്ചെയോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. യെമനില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് അന്താരാഷ്ട്ര ഏജന്‍സികളിലെ ജീവനക്കാരും ഹൂതികളുടെ തടവിലായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സനാ, അംറാന്‍, സാദാ, ഹുദെയ്ദ നഗരങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഹൂതി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയെന്നും. ജീവനക്കാരുടെ വീട്ടില്‍നിന്ന് കന്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാരെ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ജീവനക്കാരെ എത്രയും വേഗം സുരക്ഷിതമായി മോചിപ്പിക്കാന്‍ ഊര്‍ജിതശ്രമം നടത്തുന്നതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുഴാറിക് അറിയിച്ചു.

യുഎസ് നേതൃത്വം നല്കുന്ന സേന ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. ഹൂതികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. വിവരം പുറത്തു വന്നതിന് പിന്നാലെ ഹൂതികള്‍ക്കെതിരെ അമേരിക്ക ആക്രമണം ശക്തമാക്കി. യുന്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി വെച്ച് വിലപേശല്‍ അവസരത്തിന് നിന്നുനല്‍കില്ലെന്ന് അമേരിക്ക അറിയിച്ചു.