യു.എ.ഇയിൽ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

യുഎഇയിൽ സ്വർണ വില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹമായാണ് വില കുറഞ്ഞത്. ജൂലൈ 21ന് രേഖപ്പെടുത്തിയ 191.75 ദിര്‍ഹം ആയിരുന്നു സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.

കഴിഞ്ഞ ദിവസം രാവിലെ 192 ദിർഹത്തിൽ വിപണനം ആരംഭിച്ച സ്വർണവില വൈകിട്ട് അൽപം മെച്ചപ്പെട്ട് 192.25ലേക്ക് ഉയർന്നെങ്കിലും രാത്രിയോടെ 3.25 ദിർഹം കുറഞ്ഞ് 189ലേക്കു താഴുകയായിരുന്നു.

രാജ്യാന്തര വിലയിലുണ്ടായ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. രാത്രിയിലെ നിരക്കുമാറ്റം അറിഞ്ഞ് ജനങ്ങൾ ജ്വല്ലറിയിലേക്ക് എത്തിത്തുടങ്ങുമ്പോഴേക്കും കടകൾ അടച്ചുതുടങ്ങിയിരുന്നു.

വിലക്കുറവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേർ ആഭരണം വാങ്ങാൻ എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. അതേ സമയം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.