ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഫോര്‍മാറ്റിനെ രണ്ട് ഡിവിഷനുകളായി വിഭജിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ഐസിസി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാനായി പുതുതായി നിയമിതനായ ജയ് ഷാ മുന്‍കൈയെടുത്താണ് നീക്കങ്ങള്‍ നടക്കുന്നത്.
ഇതിന്റെ ചര്‍ച്ചകള്‍ക്കായി ഷാ, ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ മൈക്ക് ബെയര്‍ഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റിച്ചാര്‍ഡ് തോംസണ്‍ എന്നിവര്‍ ഈ മാസം അവസാനം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കള്‍ ട്രോഫിയ്ക്ക് ലഭിച്ച വമ്പിച്ച കാണികളും ബ്രോക്‌സ്റ്റ് പ്രേക്ഷകരും ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കിയിട്ടുണ്ട്.
ടീമുകളെ രണ്ട് തട്ടുകളിലായി തിരിച്ച് ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്നതാണ് പുതിയ രീതി. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ മുന്‍നിര ടീമുകള്‍ കൂടുതല്‍ തവണ പരസ്പരം കളിക്കും. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്, സിംബാബ്‌വെ തുടങ്ങിയ മറ്റ് ടീമുകള്‍ പുതിയ ഫോര്‍മാറ്റില്‍ രണ്ടാം നിരയിലേക്കും താഴ്ത്തപ്പെടും
ഈ ഫോര്‍മാറ്റില്‍ ടോപ്പ്-ടയര്‍ ടീമുകള്‍ പരസ്പരം മത്സരിക്കുന്നതിനൊപ്പം ലോവര്‍-ടയര്‍ ടീമുകള്‍ അവരുടെ ഡിവിഷനില്‍ മാത്രവും ഏറ്റുമുട്ടും. മത്സര ഫലങ്ങള്‍ക്കനുസരിച്ച് ടീമുകളെ തലങ്ങളിലേക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തേക്കുമെന്നാണ് മനസിലാക്കുന്നത്.