അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ 20 കോടി രൂപ കിട്ടാനുള്ള മുതലാണ്, അതിന്റെ സൂചന ഇന്നലെ കണ്ടു; പുതിയ സൂപ്പർ താരത്തെക്കുറിച്ച് ആരാധകർ പറയുന്നത് ഇങ്ങനെ

വരാനിരിക്കുന്ന സീസണിൽ ഇംഗ്ലീഷ് പേസർ ഗസ് അറ്റ്കിൻസണിന് പകരക്കാരനായി വെസ്റ്റ് ഇൻഡീസ് പേസർ ഷാമർ ജോസഫ് പെഷവാർ സാൽമി ടീമുമായി പിഎസ്എൽ കരാർ നേടിയിരിക്കുകയാണ്. 21 വർഷത്തിന് ശേഷം ഒരു ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താൻ വെസ്റ്റ് ഇൻഡീസിനെ സഹായിക്കുന്നതിന് ജോസഫ് ഗാബയിൽ ഒരു തകർപ്പൻ സ്പെൽ പന്തെറിഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് താരത്തിന് കരാർ കിട്ടുന്നത്.

മൂന്നാം ദിനം ബാറ്റിംഗിനിടെ 24 കാരനായ പേസറിന് കാൽവിരലിന് പരിക്കേറ്റിരുന്നു. ഇത് ആ ദിവസം കളി അവസാനിക്കുന്നതിന് മുമ്പ് തന്നെ കളിക്കളത്തിൽ നിന്ന് മടങ്ങേണ്ടതായി വന്നിരുന്നു. എന്നാൽ അത് വക വെക്കാതെ രണ്ടാം ഇന്നിങ്‌സിൽ 7 വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയയുടെ നടുവ് ഒടിച്ച് വിൻഡിസിനു ഗാബയിൽ 8 റൺസിന്റെ ചരിത്ര വിജയം നേടി കൊടുത്ത് തന്നിലെ പോരാട്ട വീര്യം ക്രിക്കറ്റ് ലോകത്തിനു അദ്ദേഹം കാട്ടി കൊടുത്തു. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയയിൽ ഓസ്ട്രേലിയക്കെതിരെ വിൻഡിസിന്റെ ആദ്യ ടെസ്റ്റ് വിജയം. ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ പരിപൂർണ്ണതയിൽ തന്നെ ആണ് എന്ന് ഊട്ടിയുറപ്പിച്ച മാച്ച് ആയിരുന്നു കഴിഞ്ഞ് പോയത്.

എന്തായാലും ഓസ്‌ട്രേലിയൻ മണ്ണിലെ അസാമാന്യമായ നേട്ടങ്ങൾക്ക് ശേഷം ഷമർ ജോസഫിന് ക്രിക്കറ്റിന്റെ പല കോണുകളിൽ നിന്നും അഭിനന്ദനങൾ ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗുകളിലൊന്നായ പിഎസ്എല്ലിൽ കളിക്കാൻ 24 കാരനായ താരത്തിന് ഉടൻ അവസരം ലഭിച്ചു. പിഎസ്എൽ 2024 ലെ പെഷവാർ സാൽമിയിൽ ബാബർ അസമിൻ്റെ കീഴിൽ ആയിരിക്കും അദ്ദേഹം കളിക്കുന്നത്.

മികച്ച പ്രകടനങ്ങൾ തുടർന്നാൽ അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ താരം 20 കോടി രൂപയിലധികം സമ്പാദിക്കാനുള്ള സാധ്യതയും കൂടുതലാണ്.