ട്വന്റി20 ലോക കപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിട്ട് ആഴ്ചകള്‍ പിന്നിടുന്നു. എന്നാല്‍ പാക് ഇതിഹാസം ഇന്‍സമാം ഉള്‍ ഹക്ക് ഇന്ത്യയെ വിടുന്ന ലക്ഷണമില്ല. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പു തന്നെ ഇന്ത്യ ഭയത്തിന്റെ പിടിയില്‍ അകപ്പെട്ടെന്ന് ഇന്‍സി പറയുന്നു.
പാകിസ്ഥാനെ നേരിടുന്നതിന് മുമ്പു തന്നെ ഇന്ത്യ പേടിച്ചിരുന്നതായി എനിക്ക് തോന്നുന്നു. അവരുടെ ശരീരഭാഷ അതായിരുന്നു. ടോസിന്റെ സമയത്ത് വിരാട് കോഹ്ലിയും ബാബര്‍ അസമും സംസാരിക്കുമ്പോള്‍ ആര്‍ക്കാണ് സമ്മര്‍ദ്ദമെന്നത് വ്യക്തമായിരുന്നു. പാകിസ്ഥാന്‍ ടീമിന്റെ ശരീരഭാഷ ഇന്ത്യയുടേതിനെക്കാള്‍ മികച്ചുനിന്നു. രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷമല്ല ഇന്ത്യ സമ്മര്‍ദ്ദത്തിലായത്. രോഹിത് സ്വയം സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും അങ്ങനെയായിരുന്നു- ഇന്‍സമാം പറഞ്ഞു.
ഇന്ത്യന്‍ ടീം അതുപോലെ ഒരിക്കലും കളിക്കില്ല. ഇന്ത്യ നല്ല ടി20 ടീമാണ്. അതില്‍ സംശയമില്ല. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തെ കളിവെച്ചു നോക്കിയാല്‍ ഇന്ത്യയായിരുന്നു ഫേവറിറ്റ്. പക്ഷേ, ഇന്ത്യ- പാക് മത്സരം ഒരുപാട് സമ്മര്‍ദ്ദം നിറഞ്ഞതാണ്. അതില്‍ ഒരു തിരിച്ചുവരവ് സാദ്ധ്യമല്ല.
ഇന്ത്യന്‍ ബാറ്റര്‍മാരുടെ പാദങ്ങള്‍ ശരിയായി ചലിച്ചില്ല. പാകിസ്ഥാനോട് തോറ്റതോടെ ഇന്ത്യന്‍ ടീം കടുത്ത വിമര്‍ശനത്തിന് ഇരയായി. ആ മത്സരശേഷം മൂന്നുനാല് ദിവസത്തെ ഇടവേള ഇന്ത്യക്ക് ലഭിച്ചു. പരിതാപകരമായ അവസ്ഥയിലായ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സാന്റ്‌നറെയും സോധിയേയും പോലും മര്യാദക്ക് നേരിടാനായില്ല. ഇന്ത്യക്കാര്‍ നന്നായി സ്പിന്‍ കളിക്കുന്നവരാണ്. പക്ഷേ, അവരുടെമേല്‍ സമ്മര്‍ദ്ദം അധീകരിച്ചിരുന്നെന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.