'ആരും പിന്തുണച്ചില്ല, എന്തിനാണ് കളിക്കുന്നത് എന്ന് തോന്നി'; ദുരിതകാലത്തെ കുറിച്ച് പറഞ്ഞ് സ്റ്റാര്‍ സ്പിന്നര്‍

2018ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നെന്ന് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. തന്റെ പരിക്കുകളെ ആരും മനസ്സിലാക്കിയില്ലെന്നും വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും അശ്വിന്‍ തുറന്നു പറഞ്ഞു.

പല കാരണങ്ങളാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. എന്റെ പരിക്കുകളെ ആള്‍ക്കാര്‍ കണക്കിലെടുക്കുന്നില്ലെന്ന് തോന്നി. ഒരുപാട് കളിക്കാര്‍ക്ക് ലഭിക്കുന്ന പിന്തുണ എനിക്ക് അന്യമാണെന്ന് വിചാരിച്ചു. ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ ജയിച്ച എനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന ചിന്ത അലട്ടി- അശ്വിന്‍ പറഞ്ഞു.

സാധാരണയായി ഞാന്‍ സഹായം പ്രതീക്ഷിക്കാറില്ല. ആരെങ്കിലും എന്നെ പിന്തുണയ്ക്കണമെന്നോ സഹതാപം കാട്ടണമെന്നോ ആവശ്യപ്പെടാറില്ല. ഏറ്റവും മികച്ച നിലയിലല്ല ഞാനെന്നു തോന്നി. അതിനാല്‍ താങ്ങി നില്‍ക്കാന്‍ ഒരു തോള്‍ ആഗ്രഹിച്ചു. അതു സംഭവിച്ചില്ല. മറ്റെന്തെങ്കിലും വഴി തേടണമെന്നു കരുതിയതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Read more

2018 കാലയളവില്‍ തുടയിലെ പേശിവലിവും കാല്‍മുട്ടിലെ പരിക്കും അശ്വിനെ അലട്ടിയിരുന്നു. പലപ്പോഴും ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെട്ടതായും അശ്വിന്‍ തുറന്നു പറഞ്ഞു.