ഐപിഎലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെയാണ് നേരിടുന്നത്. ചണ്ഡീഗഡിലെ മുലാന്‍പൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും വിജയം നിര്‍ണായകമാണ്. നിലവില്‍ നാല് കളികളില്‍ മൂന്നും തോറ്റ് ഒറ്റ ജയവുമായി പോയിന്റ് ടേബിളില്‍ താഴെയാണ് ചെന്നൈയുളളത്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മാത്രമാണ് ചെന്നൈ ടീമിന് വിജയിക്കാനായത്. അതിന് ശേഷം തുടര്‍തോല്‍വികള്‍ ഏറ്റവുവാങ്ങുകയായിരുന്നു റിതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ടീം. മത്സരത്തിന് മുന്നോടിയായി ചെന്നൈയുടെ ബാറ്റിങ് ലൈനപ്പിലുളള പോരായ്മകള്‍ തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
“അവര്‍ക്ക് ഒരുപാട് പോരായ്മകള്‍ ഉള്ളതായി തോന്നുന്നു. എങ്ങനെ നിങ്ങള്‍ അതിജീവിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിങ്ങള്‍ ശരിയാക്കിയിരിക്കാം. എന്നാല്‍ അതിന് ശേഷമുളള ബാറ്റിങ് ലൈനപ്പ് വളരെ മോശം അവസ്ഥയിലാണ്. വിജയ് ശങ്കര്‍ തീര്‍ച്ചയായും റണ്‍സ് നേടി. പക്ഷേ അവ മാച്ച് വിന്നിങ് റണ്ണുകളല്ല. ശിവം ദുബെ ഇതുവരെ റണ്‍സ് നേടിയിട്ടില്ല.
ജഡേജ ഇനിയും ആറാം സ്ഥാനത്ത് ഇറങ്ങുകയാണെങ്കില്‍ നിങ്ങളുടെ ബാറ്റിങ് വളരെ ദുര്‍ബലമായിരിക്കും.പ്രത്യേകിച്ച് നിങ്ങളുടെ ടോപ് ഓര്‍ഡര്‍ തകരുകയും പവര്‍പ്ലേയില്‍ നിങ്ങള്‍ റണ്‍സ് നേടാതിരിക്കുകയും ചെയ്യുമ്പോള്‍ അതുകൊണ്ട് ജഡേജ കുറച്ചുകൂടി നേരത്തെ ഇറങ്ങണം എന്നാണ് എനിക്ക് പറയാനുളളത്. ടി20യില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിട്ടുളള താരമാണ് ജഡു. ഞാന്‍ പറയുന്നത് കാമിയോ റോളല്ല, സ്ഥാനക്കയറ്റം എന്ന് തന്നെയാണ്, ആകാശ് ചോപ്ര പറഞ്ഞു.