GT VS SRH: എനിക്ക് അവരുടെ ലോജിക്ക് മനസിലാവുന്നില്ല, ഈ കളിക്കാരെ ഇറക്കിയാല്‍ ഗുജറാത്തിന് അത്‌ ഗുണം ചെയ്യും, നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുളള മത്സരമാണ്. പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഗുജറാത്തുളളതെങ്കില്‍ അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് ഇന്നത്തെ മത്സരത്തിനിറങ്ങുക. അതേസമയം ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടീമിനോട് കുറച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടൂര്‍ണമെന്റില്‍ ഈ സീസണില്‍ ഇതുവരെ കളിപ്പിക്കാത്ത ചില താരങ്ങളെ ഇന്ന് ഇറക്കണമെന്ന് താരം പറയുന്നു. നാല് ഓവര്‍സീസ് പ്ലെയേഴ്‌സിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുണ്ടെന്നിരിക്കെ മൂന്ന് പേരെ മാത്രം ഇറക്കാറുളള ഗുജറാത്തിന്റെ ലോജിക്ക് തനിക്ക് മനസിലാവുന്നില്ലെന്ന് ചോപ്ര പറയുന്നു.

ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിന് പകരം ഗ്ലെന്‍ ഫിലിപ്‌സിനെയും കാഗിസോ റബാഡ കളിച്ചില്ലെങ്കില്‍ ജെറാള്‍ഡ് കോറ്റ്‌സിയെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആര്‍സിബിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ റബാഡ കളിച്ചിരുന്നില്ല. ഇന്ന് ഹൈദരാബാദിനെതിരായ മത്സരത്തിലും താരം കളിക്കാനുളള സാധ്യത കുറവാണ്. ടീമില്‍ ഓവര്‍സീസ് സീമേഴ്‌സിനെ പരിഗണിക്കുന്നില്ലെങ്കില്‍ ഫിലിപ്‌സിനെയും റുഥര്‍ഫോര്‍ഡിനെയും എന്തായാലും ഉള്‍പ്പെടുത്തണമെന്ന് ആകാശ് ചോപ്ര പറയുന്നു. കാഗിസോ റബാഡ ടീമിലില്ലെങ്കില്‍ ജെറാള്‍ഡ് കോറ്റ്‌സിയെ കളിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഗ്ലെന്‍ ഫിലിപ്‌സിനെയും റുഥര്‍ഫോര്‍ഡിനെയും കളിപ്പിക്കണമെന്ന് ഞാന്‍ കരുതുന്നു.

ഇന്ത്യന്‍ ബാറ്റര്‍മാരായ ഷാരൂഖ് ഖാനും രാഹുല്‍ തെവാട്ടിയയും നിങ്ങള്‍ക്ക് വിലപ്പെട്ടവരായതിനാല്‍ നിങ്ങള്‍ മൂന്ന് വിദേശ കളിക്കാരെ മാത്രം വച്ച് കളിക്കുന്നതിന്റെ ലോജിക് എനിക്ക് മനസിലാവുന്നില്ല. അത് ശരിയായൊരു രീതിയാണെന്ന് ഞാന്‍ കരുതുന്നില്ല. ആകാശ് ചോപ്ര പറഞ്ഞു. അതേസമയം മികച്ച ബാറ്റിങ് ലൈനപ്പുളള രണ്ട് ടീമുകളാണ് ഗുജറാത്തും സണ്‍റൈസേഴ്‌സ് ഹൈദരാബാദും. ഗുജറാത്തിന്റെ ബാറ്റര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നുണ്ടെങ്കിലും ഹൈദരാബാദിന്റെ ബാറ്റര്‍മാര്‍ക്ക് ആദ്യ മത്സരത്തിലൊഴികെ കാര്യമായ ഓളമുണ്ടാക്കാനായിട്ടില്ല.

Read more