ഐപിഎലില്‍ തുടര്‍ തോല്‍വികളുമായി തുടരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെതിരെയുളള ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ എട്ടുവിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്. എംഎസ് ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും നിര്‍ണായക മത്സരത്തില്‍ ടീമിനെ രക്ഷിക്കാനായില്ല. ആവശ്യമുളള കളിക്കാരെയെല്ലാം കോടികള്‍ മുടക്കി ടീമിലെത്തിച്ചിട്ടും എന്താണ് ചെന്നൈയ്ക്ക് പറ്റുന്നതെന്ന് ചോദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
“ഒരു മെഗാലേലത്തിന് ശേഷമാണ് ഈ ടീം കെട്ടിപ്പടുത്തത്. മെഗാലേലത്തില്‍ അവര്‍ക്ക് വേണ്ടവരെയെല്ലാം അവര്‍ ടീമിലെത്തിച്ചു. എന്നാല്‍ അവര്‍ക്ക് ഒരു കളിക്കാരനെ മാത്രം ടീമിലെത്തിക്കാന്‍ സാധിച്ചില്ല. അത് ദീപക് ചാഹര്‍ ആയിരുന്നു. ചാഹര്‍ ഒഴിച്ച് അവര്‍ ആഗ്രഹിച്ച എല്ലാവരെയും സിഎസ്‌കെയ്ക്ക് ലഭിച്ചു. അണ്‍ക്യാപ്ഡ് പ്ലെയറായ ധോണിയെ അവര്‍ നിലനിര്‍ത്തി. അങ്ങനെ ആ നിയമം ധോണിക്ക് വേണ്ടി ഉണ്ടാക്കി. എന്നിരുന്നാലും ഇത് മറ്റ് ഒന്നോ രണ്ടോ ടീമുകള്‍ക്ക് ഗുണം ചെയ്തു”, ആകാശ് ചോപ്ര പറഞ്ഞു.
Read more
“ആ ഒരു കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ ഈ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനി ഒരു മാര്‍ഗവുമില്ലെന്ന് എനിക്ക് തോന്നുന്നു. കാരണം അവരുടെ ബാറ്റിങ് തീര്‍ത്തും മങ്ങിയതായി തോന്നുന്നു. അവര്‍ക്ക് ബാറ്റിങ്ങില്‍ ഒരു ഉദ്ദേശ്യവുമില്ല. നിലവില്‍ അവര്‍ക്ക് അതിനുളള കഴിവും ഇല്ലെന്നു തോന്നുന്നു”, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.