ക്രിക്കറ്റ് ചരിത്രത്തിലെ നാള്‍വഴികളില്‍ സംഭവിച്ച ചടുലത അതിശയിപ്പിക്കുന്നതാണ്. ഒരു വിഭാഗം ആള്‍ക്കാര്‍ മാത്രം വളരെ സൂക്ഷ്മതയോടെ കണ്ടിരുന്ന 5 ദിവസത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 60 ഓവര്‍ മത്സരങ്ങളിലേക്കും തുടര്‍ന്ന് 50 ഓവറുകളിലേക്കും വകഭേദം സംഭവിച്ചപ്പോള്‍ ആരാധകര്‍ പോലെ മത്തു പിടിച്ച് അതിന്റെ പിന്നാലെ ഓടുകയായിരുന്നു .ഡോണ്‍ ബ്രാഡ്മാനില്‍ നിന്നും ഗവാസ്‌കറിന്റെ ക്ലാസിലേക്കും സമ്പൂര്‍ണ്ണമായ സച്ചിനിലേക്കും പ്രതിഭാസമായ ലാറയിലേക്കും ഫീല്‍ഡില്‍ അതി വിപ്ലവം സൃഷ്ടിച്ച ജോണ്ടി റോഡ്‌സിലൂടെയും കടന്ന് ഒടുവില്‍ ഏറ്റവും ചെറിയ T20 ലെത്തിനില്‍ക്കുമ്പോള്‍ ഒരു വെറും കളി എന്നതിലുപരി വന്‍ വാണിജ്യ സാധ്യതകള്‍ കൂടിയായിരുന്നു ഗെയിമിനൊപ്പം വളര്‍ന്നത് .
വിരസമായ ടെസ്റ്റുകളില്‍ നിന്നും 20-20 യുടെ ചടുലതയിലേക്ക് കളം മാറുമ്പോള്‍ ആ ചടുലതയുടെ ഏറ്റവും വലിയ വക്താവായി മാറിയത് ആകട്ടെ എന്ന് എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സ് എന്ന എബിഡിയും. ഗ്രേം പൊള്ളോക്ക്, ബാരി റിച്ചാര്‍ഡ്‌സ്, ജോണ്ടി റോഡ്‌സ്, ഗ്രെയിം സ്മിത്ത്, ജാക്ക് കാലിസ്, ഹാഷിം അംല, ഷോണ്‍ പൊള്ളോക്ക്, അലന്‍ ഡൊണാള്‍ഡ് എന്നിവരുടങ്ങുന്ന ഇതിഹാസ നിരയിലെ ഏറ്റവും മികച്ചവനായി റേറ്റ് ചെയ്യപ്പെടുന്നത് ABD ആണെങ്കില്‍ ക്രിക്കറ്റ് ലോകത്ത് അയാള്‍ ഉണ്ടാക്കിയ അലയടികള്‍ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സ് എന്ന പ്രതിഭയുടെ ഏറ്റവും വലിയ സവിശേഷത സാങ്കേതികത്തികവിന്റെ എല്ലാം മികവും അവകാശപ്പെട്ടുകൊണ്ട് തന്നെ അനായാസേന ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ്വഴക്കത്തോടെ തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് ചരിഞ്ഞും കിടന്നും മറിഞ്ഞു ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ പറ്റുന്നു എന്നത് തന്നെയാണ് .സമകാലിക ക്രിക്കറ്റില്‍ അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ കളിക്കുന്നതില്‍ മികവു കാണിക്കുന്ന ഒട്ടേറെ പേരെ കാണാമെങ്കിലും അത് ഒരു ശീലമാക്കുന്നു എന്നതാണ് ABD യെ വ്യത്യസ്തനാക്കുന്നത് . മിന്നല്‍വേഗത്തില്‍ ബാക്ക് ഫുട്ടിലേക്കും ഫ്രണ്ട് ഫുട്ടിലേക്കും പാദ ചലനങ്ങള്‍ മാറ്റിക്കൊണ്ട് യഥേഷ്ടം പുള്ളുകളും ഹുക്കുകളും ഡ്രൈവുകളും ഗ്രൗണ്ടിന്റെ നാനാഭാഗത്തേക്കും അയാള്‍ പായിക്കുന്നത് കാണുമ്പോള്‍ അത് കണ്ടു രസിക്കുക എന്നതിനപ്പുറം ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും മറ്റൊന്നും ചെയ്യാന്‍ ഇല്ല എന്നായിരുന്നു യാഥാര്‍ത്ഥ്യം.
തന്റെ ചെറിയ ശരീരത്തെയും ബാറ്റിനെയും പരിമിതമായ സ്‌പേസ് മാത്രമുള്ള ബാറ്റിങ്ങ് ക്രീസില്‍ നിലനിന്നുകൊണ്ട് 360 ഡിഗ്രിയില്‍ കളിക്കാന്‍ പറ്റുന്ന അയാടെ ആത്മവിശ്വാസം മറ്റ് എത്ര പേരില്‍ കാണാന്‍ പറ്റും? ഓര്‍ത്തഡോക്‌സ് ശൈലിയില്‍ നിന്നും അണ്‍ ഓര്‍ത്തഡോക്‌സ് ശൈലിയിലേക്ക് അനായാസം ഉള്ള പകര്‍ന്നാട്ടം മറ്റൊരു താരത്തിനും അവകാശപ്പെടാനില്ല .ക്രിക്കറ്റിനൊപ്പം തന്നെ ചെറുപ്പകാലത്ത് ഗോള്‍ഫ്, നീന്തല്‍ ,റഗ്ബി, ഫുട്‌ബോള്‍ തുടങ്ങിയ കളികളൊക്കെ അപ്രമാധിത്യം പുലര്‍ത്തിയ എബിക്ക് തനിക്ക് നേരെ പന്തെറിയുന്ന ബോളര്‍മാരെ കൊണ്ട് തന്റെ ലൈനിനും ലെങ്ങ്ത്തിനും അനുസൃതമായി പന്തെറിയിപ്പിക്കാന്‍ പറ്റുന്ന കാന്തിക ശക്തി ഉണ്ടെന്ന് പോലും തോന്നിയേക്കാം. Dhanam
തന്റെ എട്ടാം വയസ്സില്‍ 1992 ലോകകപ്പില്‍ ടെലിവിഷനിലൂടെ ജോണ്ടി റോഡ്‌സ് എന്ന വിപ്ലവകാരിയുടെ ഫീല്‍ഡിംഗ് പ്രകടനം കണ്ട് മതിമറന്ന് ഒരു നാള്‍ അതു പോലൊരു കളിക്കാരന്‍ ആകാന്‍ മോഹിച്ച് എബി റഗ്ബി താരം കൂടിയായ അച്ഛന്റെ കായിക പ്രേമം അതേപോലെ പകര്‍ത്തുകയാണുണ്ടായത്. ഒടുവില്‍ മുപ്പത്തിനാലാം വയസ്സില്‍ കരിയര്‍ അവസാനിപ്പിക്കുമ്പോഴും രാജ്യത്തെ ഏറ്റവും മികച്ച ,ഒരുപക്ഷേ ജോണ്ടി റോഡ്‌സ്‌നേക്കാളും മുകളിലാണ് പ്രതിഷ്ഠിക്കപ്പെട്ടത്.
അതിവേഗം സ്‌കോര്‍ ചെയ്യുന്ന റണ്‍ വേട്ടക്കാരന്‍ ആയാണ് അറിയപ്പെടുന്നതെങ്കിലും, സാഹചര്യത്തിനനുസരിച്ച് ശൈലി മാറ്റാനുള്ള എബിയുടെ സവിശേഷത തന്നെയാണ് അയാളെ മഹാന്‍ ആക്കുന്നത്. ഒരു പക്ഷെ ഷോട്ട് ഫോര്‍മാറ്റുകളിലെ അസാധാരണ മികവു കാരണം അയാള്‍ ഒരു ടെസ്റ്റ് ക്രിക്കറ്റര്‍ ആണോ എന്ന തരത്തിലുള്ള സംശയം പോലും മറ്റുള്ളവരില്‍ ഉണ്ടാക്കാന്‍ പറ്റുന്ന അത്രയും അനിതരസാധാരണമായിരുന്നു ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലെ അയാളുടെ പ്രകടനം. എന്നാല്‍ രണ്ട് ഫോര്‍മാറ്റുകളിലും എട്ടായിരത്തിലധികം റണ്‍സ് നേടിയവരില്‍ രണ്ടിലും 50 ലധികം ശരാശരി പുലര്‍ത്തുന്ന വളരെ അപൂര്‍വം ബാറ്റ്‌സ്മാന്‍മാരെ മാത്രമേ ലോകക്രിക്കറ്റില്‍ കാണാന്‍ സാധിക്കൂ.
ഏകദിന ക്രിക്കറ്റില്‍ അദ്ദേഹം നേടിയ 25 സെഞ്ച്വറികളുടെ അതേ തിളക്കം അദ്ദേഹത്തിന്റെ 22 ടെസ്റ്റ് സെഞ്ച്വറികള്‍ക്കുമുണ്ട്. ഏകദിനത്തില്‍ 31 പന്തുകളില്‍ സെഞ്ചുറി നേടിയ എബി പക്ഷേ സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദിവസം മുഴുവനായും തന്റെ ആക്രമണ ശൈലിയിലെ ഒളിപ്പിച്ച് വെച്ച് ബാറ്റ് ചെയ്യാന്‍ തയ്യാറാണ്. 2012 ല്‍ അഡലെയ്ഡില്‍ ല്‍ ആസ്‌ട്രേലിയക്കെതിരെ സമനില പിടിച്ച മത്സരത്തില്‍ 220 പന്തില്‍ 33 റണ്‍സ് നേടിയ എബിഡിയുടെ ഇന്നിങ്ങ്‌സില്‍ ആ മത്സരത്തില്‍ ഇരട്ടസെഞ്ചുറി നേടിയ ക്‌ളാര്‍ക്കിന്റെയും സെഞ്ച്വറി നേടിയ വാര്‍ണറുടെയും ഹസിയും പ്രകടനങ്ങള്‍ മങ്ങിപ്പോയി. 2014 കേപ്ടൗണില്‍ ഇന്ത്യക്കെതിരെ 228 പന്തില്‍ നേടിയ 43 റണ്‍സും 2015 ല്‍ ഇന്ത്യക്കെതിരെ 297 പന്തില്‍ നേടിയ 43 റണ്‍സും കണ്ട ഇന്നിംഗ്‌സുകള്‍ അയാള്‍ക്ക് എങ്ങനെ കളിക്കാന്‍ പറ്റി എന്നത് ചിന്തകള്‍ക്കും അപ്പുറത്താണ് . Dhanam Cric
ടെസ്റ്റ് ക്രിക്കറ്റില്‍ 2 ഇരട്ട സെഞ്ചുറികള്‍ കുറിച്ച എബിഡി യുഎഇയില്‍ പാകിസ്ഥാനെതിരെ നേടിയ 278 റണ്‍സ് ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു ഇന്നിങ്ങ്‌സായാണ് വിലയിരുത്തപ്പെടുന്നത്. 2015ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 44 പന്തില്‍ 149 റണ്‍സ് നേടിയ അതേവര്‍ഷം ഇന്ത്യക്കെതിരെ 297 പന്തില്‍ നേടിയ 43 റണ്‍സ് ഇരു ഫോര്‍മാറ്റുകളിലെയും സ്‌ട്രൈക്ക് റേറ്റുകളിലെ വ്യത്യാസങ്ങളില്‍ ഒരു ലോക റെക്കോര്‍ഡ് കൂടിയാണ്.
ഏകദിന ക്രിക്കറ്റില്‍ 8 സെഞ്ച്വറികള്‍ 75 പന്തുകളില്‍ താഴെ കുറിച്ച അതേ എബിഡി തന്നെയാണ് ടെസ്റ്റില്‍ പൂജ്യത്തിനു പുറത്താകും മുമ്പ് 78 ഇന്നിംഗസുകള്‍ കളിച്ച് റെക്കോര്‍ഡ് സ്ഥാപിച്ചത്. T20 ക്രിക്കറ്റിന്റെ അതിപ്രസരങ്ങള്‍ക്കിടയിലും ടെസ്റ്റിലും ഏകദിനത്തിലും T20 ലും ഒരോവറില്‍ 25 റണ്‍സ് നേടിയ ഒരേയൊരു താരം Mr.360 മാത്രമാണ്. കൂടാതെ 50, 100 ,150 കള്‍ ഏറ്റവും വേഗത്തില്‍ നേടിയ മറ്റൊരാളില്ല എന്നതും എബി ഡി യെ ഒറ്റയാനാക്കുന്നു . ഏകദിന ക്രിക്കറ്റില്‍ 2 തവണ ഒരോവറില്‍ 30 റണ്‍ കുറിച്ച ഏക താരത്തിന് തന്നെയാണ് ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടിയവരില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റൈറ്റ് അവകാശപ്പെടാനുമുള്ളത്.
ഏകദിന ക്രിക്കറ്റില്‍ 5000 ത്തിലധികം റണ്‍സ് നേടിയവരില്‍ 50+ ശരാശരിയും 100+ സ്‌ട്രൈക്ക് റേറ്റും പുലര്‍ത്തുന്ന ഏക താരമായ ABD നേടിയ 25 സെഞ്ചുറികളും 100 + സ്‌ട്രൈക്ക് റേറ്റില്‍ നേടി അതിലും ചരിത്രം സൃഷ്ടിച്ചു . 39 ഓവറിനു ശേഷം ഇറങ്ങി വെറും 11 ഓവറുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഒരേ ഒരു താരമായ ഡിവില്ലിയേഴ്‌സ് ഒരു മണിക്കൂര്‍ കൊണ്ട് സെഞ്ചുറി നേടി അതിലും വിസ്മയം തീര്‍ത്തു . കോലി മറി കടക്കും വരെ ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് തികച്ച താരമായ ABD നമ്പര്‍ 4 പൊസിഷനില്‍ 21 സെഞ്ചുറികളുമായി അതിലും ലോകറെക്കോഡ് സൃഷ്ടിച്ചു.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ പെര്‍ത്തില്‍ ബ്രെറ്റ് ലീ , ജോണ്‍സണ്‍ ഉള്‍പ്പെട്ട ബോളിങ്ങ് നിരക്കെതിരെ നാലാം ഇന്നിംഗ്‌സില്‍ 414 റണ്‍സ് ചേസിംഗ് നടത്തി ദക്ഷിണാഫ്രിക്ക ചരിത്രം കുറിച്ചപ്പോള്‍ അതിലെ വീരനായകന്‍ 106 റണ്‍സടിച്ച ABD ആയിരുന്നു .വിലയിടാന്‍ പറ്റാത്ത ഒരു ഇന്നിങ്ങ്‌സ്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ABD ഒരേ ടെസ്റ്റില്‍ സെഞ്ച്വറിയും 10 പുറത്താക്കലുകളും നടത്തിയ ഒരേയൊരു വിക്കറ്റ് കീപ്പറാണ് . തന്റെ അവസാന ടെസ്റ്റ് സീരീസില്‍ സ്വരം നന്നായിരിക്കുന്നതിനും എത്രയോ മുന്‍പ് തന്നെ പാട്ട് നിര്‍ത്തിയ സമയത്തെ അവസാന പരമ്പരയിലും ABD യുടെ ശരാശരി 71.16 ആയിരുന്നു .
ലോക കിരീടങ്ങള്‍ ഒന്നും ഇല്ലായിരിക്കാം .പക്ഷേ ലോകമെമ്പാടും ആരാധകരുടെ ഹൃദയം സ്വന്തമാക്കിയ ABD ഇന്നും IPL ഉള്‍പ്പെടെയുള്ള വേദികളില്‍ തന്റെ ചടുലതകള്‍ കൊണ്ട് വിസ്മയം സുഷ്ടിക്കുകയാണ്.
Read more
അക്കാദമിക്ക് മികവിന്റെ പേരില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേലയില്‍ നിന്നും ന്‍ സയന്‍സ് പ്രോജക്ടിന് അവാര്‍ഡ് നേടി ഡോക്ടറാകാന്‍ ആഗ്രഹിച്ച ABD യുടെ 360 ഡിഗ്രി ഷോട്ടുകള്‍ക്ക് പിന്നിലെ സയന്‍സ് പക്ഷെ ഒരു പ്രോജക്ടിനും ഇതു കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല. അത് അനുകരിക്കാനും .
…. AB ബാറ്റ് താഴെ വെച്ചു മടങ്ങുകയാണ് , നന്ദി ABD താങ്കള്‍ സമ്മാനിച്ച അത്ഭുതങ്ങള്‍ക്ക് ….