ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം; ഹണി റോസിന്റെ പരാതിയില്‍ കടുത്ത വകുപ്പ് ചുമത്തി; പോസ്റ്റിന് അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആദ്യഘട്ടത്തില്‍ 27 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണിയ്‌ക്കെതിരെ അശ്ലീ കമന്റിട്ടവര്‍ക്കെതിരെയാണ് കേസ്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. അതിനാല്‍ തന്നെ പ്രതികള്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും.

നേരത്തെ സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടി നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണി റോസ് അധിക്ഷേപ പരാമര്‍ശം വ്യക്തമാക്കി രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നതായി താരം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ പതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു. എന്നാല്‍ അധിക്ഷേപിച്ച വ്യക്തിയുടെ പേര് താരം വെളിപ്പെടുത്തിയിരുന്നില്ല.

അധിക്ഷേപം തുടര്‍ന്നാല്‍ തീര്‍ച്ചയായും നിയമനടപടിയുമായി മുന്നോട്ട് പോകും. പേര് പറഞ്ഞില്ലെങ്കിലും ആളുകള്‍ക്ക് അറിയാം. സാമൂഹികമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട വിഷയമാണത്. അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ല. തനിക്കും തന്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു.