ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ അതിവേഗ ഫിഫ്റ്റിയുമായി ആളിക്കത്തി പാക് താരം ഷാഹിദ് അഫ്രീദി. 20 പന്തില്‍ നിന്നായിരുന്നു അഫ്രീദിയുടെ അര്‍ദ്ധ സെഞ്ച്വറി നേട്ടം. എന്നാല്‍ അഫ്രീദി നയിച്ച ഗോള്‍ ഗ്ലാഡിയേറ്റേഴ്‌സിന് വിജയം നേടാനായില്ല എന്നതാണ് സങ്കടകരം. 176 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും ശ്രീലങ്കന്‍ താരം തിസാര പെരേര നയിച്ച ജാഫ്‌ന സ്റ്റാലിയണ്‍സ് അഫ്രീദിയുടെ ടീമിനെ പരാജയപ്പെടുത്തി.
13.3 ഓവറില്‍ അഞ്ചിന് 93 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ ഗോള്‍ ഗ്ലാഡിയേറ്റേഴ്‌സിനെ ആറാമനായി ക്രീസിലെത്തിയ ഷാഹിദ് അഫ്രീദിയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് മികച്ച സ്‌കോറിലെത്തിച്ചത്. 23 ബോളില്‍ 6 സിക്‌സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ 58 റണ്‍സാണ് തന്റെ 40ാം വയസിലും അഫ്രീദി സ്‌കോര്‍ ചെയ്തത്. ടി20 ബ്ലാസ്റ്റില്‍ ഹാംഷെയറിനു വേണ്ടി ഡെര്‍ബിഷെയറിനെതിരെ 2017ലും അഫ്രീദി 20 പന്തില്‍നിന്ന് അര്‍ദ്ധ സെഞ്ച്വറി തികച്ചിരുന്നു.
മറുപടി ബാറ്റിംഗില്‍ മൂന്നു പന്തു ബാക്കിനില്‍ക്കെ ജാഫ്‌ന സ്റ്റാലിയണ്‍സ് ലക്ഷ്യത്തിലെത്തി. അര്‍ദ്ധ സെഞ്ച്വറിയുമായി മുന്നില്‍നിന്ന് നയിച്ച ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയാണ് ജാഫ്‌നയുടെ വിജയശില്‍പി. 63 പന്തുകള്‍ നേരിട്ട ആവിഷ്‌ക അഞ്ച് ഫോറിന്റെയും ഏഴു സിക്‌സിന്റെയും അകമ്പടിയില്‍ 92 റണ്‍സുമായി പുറത്താകാതെ നിന്നു.
Read more
പ്രഥമ ലങ്കന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ എയ്ഞ്ചലോ മാത്യൂസ് നയിക്കുന്ന കൊളംബോ കിംഗ്സ് കുശാല്‍ പെരേര നയിക്കുന്ന കാന്‍ഡി ടസ്‌കേഴ്‌സിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ചിരുന്നു.