കളി കഴിഞ്ഞാൽ തല്ലുണ്ടാക്കി ഷോ കാണിക്കാൻ നിൽക്കാതെ വീട്ടിൽ പോണം ; വിരാട്- ഗംഭീർ വഴക്കിൽ സെവാഗ്

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ലക്നൗ സൂപ്പർ ജയന്റസും  തമ്മിലുള്ള മത്സരം നടന്നതിന് ശേഷം വിരാട്  കോഹ്ലിയും  ഗൗതം ഗംഭീറും തമ്മിലുള്ള വഴക്കും വാക്കുതർക്കവുമെല്ലാം രണ്ട് ദിവസമായി ക്രിക്കറ്റ് ആരാധകർക്കിടയിൽ സജീവ ചർച്ചാവിഷയമാണ്. എന്തിനാണ് ഇരുതാരങ്ങളും തമ്മിൽ വഴക്കിട്ടതെന്നും എന്തിനാണ് പരസ്പരം ഇത്ര ശത്രുതയെന്നും ഒക്കെയാണ് ആരാധകരുടെ ചോദ്യം.

ഇപ്പോഴിതാ ഇരുവരുടേയും കളിക്കളത്തിലെ സഭ്യമല്ലാത്ത പെരുമാറ്റത്തെ വിമർശിച്ച് ക്രിക്കറ്റ് ഐക്കൺ വീരേന്ദർ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്. ഗംഭീറിനൊപ്പം ഇന്ത്യയുടെ  ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളിൽ ഒരാളായിരുന്നു സെവാഗ്. കോഹ്ലിക്കൊപ്പം അഞ്ച് വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെവാഗ് കളിച്ചിട്ടുണ്ട്.

കോഹ്ലിയും ഗംഭീറും മൈതാനത്ത് വഴക്ക് കൂടിയത് അവരെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കളെ സ്വാധീനിക്കാൻ ഇടയുണ്ട്. ഇതെല്ലാം ഒരു നാഷണൽ ചാനലിലൂടെ ലോകം മുഴുവൻ കണ്ടു. താൻ കളി കഴിഞ്ഞ് ഉടൻ ചാനൽ മാറ്റിയിരുന്നു. അടുത്ത ദിവസം സോഷ്യൽ മീഡിയ വഴിയാണ് ഈ പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും   സെവാഗ് പറയുന്നു.

ജയിച്ച ടീം വിജയം ആഘോഷിക്കണം, തോറ്റ ടീം കളിക്കളം വിട്ടു പോണം, ഇതിനിടയിൽ എന്തിനാണ് ഈ അടിയും വഴക്കുമൊക്കെയെന്നും സെവാഗ് ചോദിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പിഴ ചുമത്തിയിട്ടുമാത്രം കാര്യമില്ല. കളികളിൽ നിന്ന് ഇവരെ വിലക്കണമെന്നും എങ്കിൽ മാത്രമേ ആവർത്തിക്കപ്പെടാതെ  ഇരിക്കുവെന്നും  സെവാഗ്  പറയുന്നു. ഇത്തരം സംഭവങ്ങളിൽ കർശന നടപടികൾ ബിസിസിഐ എടുക്കണമെന്നും സെവാഗ് നിർദേശിക്കുന്നു.

Read more

.