സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയുള്ള മികച്ച പ്രകടനം കണക്കിലെടുത്ത്, 2024 ലെ ഐസിസി ടി20 ലോകകപ്പിന് ശേഷം അഭിഷേക് ശര്‍മ്മ ഇന്ത്യയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുമെന്ന് മൈക്ക് ഹെസ്സന്‍. സണ്‍റൈസേഴ്‌സിനെതിരെ അഭിഷേക് 28 ബോളില്‍ 75* റണ്‍സ് അടിച്ചെടുത്തിരുന്നു ഓപ്പണിംഗ് പങ്കാളിയായ ട്രാവിസ് ഹെഡ് 89* റണ്‍സെടുത്തു. ഹെഡും അഭിഷേകും ചേര്‍ന്ന് ലഖ്‌നൗ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 9.4 ഓവറില്‍ മറികടന്നു.
പവര്‍പ്ലേ ഓവറുകളില്‍ സ്പിന്‍ കളിക്കാനുള്ള അഭിഷേകിന്റെ കഴിവിനെയും പേസിനെതിരായ അദ്ദേഹത്തിന്റെ പ്രകടനത്തെയും ഹെസ്സന്‍ പ്രശംസിച്ചു. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം യുവതാരം ഇന്ത്യന്‍ ടീമില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നും ടി20 ലോകകപ്പിന് ശേഷം ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ തുടങ്ങിയ കളിക്കാര്‍ക്കൊപ്പം അഭിഷേകിനെ തിരഞ്ഞെടുക്കുമെന്നും ഹെസ്സന്‍ പറഞ്ഞു.
എന്റെ അഭിപ്രായത്തില്‍ പവര്‍പ്ലേ ഓവറുകളില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും സ്പിന്നിനെ നേരിടാന്‍ കഴിയും. പേസിനെതിരെ അദ്ദേഹം കാര്യമായ മുന്നേറ്റം നടത്തി. ബൗണ്ടറികളിലേക്ക് പോകുമ്പോള്‍ അദ്ദേഹം മികച്ച കളിക്കാരനാണ്. ലോകകപ്പിന് ശേഷം ശുഭ്മാന്‍ ഗില്ലിനായാലും ജയ്സ്വാളിനായാലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. നിരവധി പേരുകളുണ്ട്, പക്ഷേ ആളുകള്‍ വളരെയധികം സംസാരിക്കുന്ന ഒരു പേര് അവന്റേതാകും- ഹെസ്സന്‍ അഭിപ്രായപ്പെട്ടു.
ഐപിഎല്‍ 2024ല്‍ ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് 401 റണ്‍സാണ് അഭിഷേക് നേടിയത്. SRH-ന് വേണ്ടി 14 മത്സരങ്ങളില്‍ നിന്ന് 426 റണ്‍സ് നേടിയ 2022 സീസണിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ മികച്ച IPL പ്രകടനമാണിത്. 205.64 സ്ട്രൈക്ക് റേറ്റും 36.45 ശരാശരിയുമാണ് ഈ 23 കാരനായ ബാറ്റര്‍ക്കുള്ളത്.
ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അഭിഷേക്, 35 എണ്ണം അദ്ദേഹത്തിന്റെ പേരിലാണ്. എല്‍എസ്ജിക്കെതിരായ മത്സരത്തില്‍ അദ്ദേഹം എട്ട് ബൗണ്ടറികളും ആറ് സിക്സറുകളും നേടി.