ഷമിക്കും സിറാജിനും മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് ബാറ്റ്‌സ്മാന്മാരാടാ ലോകത്തിൽ ഉള്ളത്, ഇന്ത്യൻ ബോളറുമാർക്ക് മുന്നിൽ ചാരമായി ഓസ്ട്രേലിയ

തുടക്കത്തിലേ ആവേശം ഒടുക്കം വരെ കാണിക്കാൻ സാധിക്കാതിരുന്ന ഓസ്ട്രേലിയ ഇന്ത്യക്കെതിരെ തകർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ആദ്യ കുറച്ച് ഓവറുകൾക്ക് ശേഷം വിക്കറ്റ് കളയാൻ മത്സരിച്ചപ്പോൾ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ടീം വെറും 188 റൺസിന് പുറത്ത്. എല്ലാ ഇന്ത്യൻ ബോളറുമാരുടെയും ഭാഗത്ത് നിന്നും മികച്ച പ്രകടനമാണ് ഉണ്ടായത്.

ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത ഹാർദിക്കിന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു ഇന്ത്യൻ ബോളിങ്. ട്രാവിസ് ഹെഡിനെ (5) കുറ്റിതെറിപ്പിച്ച് സിറാജ് വിക്കറ്റ് വേട്ട തുടങ്ങുക ആയിരുന്നു. എന്നാൽ പിന്നീട് ക്രീസിൽ ഒത്തുചേർന്ന സ്റ്റീവ് സ്മിത്തിനെ ഒരറ്റത്ത് സാക്ഷിയാക്കി മിച്ചൽ മാർഷ് വെടിക്കെട്ടിന് തീകൊളുത്തി. ഇന്ത്യൻ ബോളറുമാരെ കാഴ്ചക്കാരാക്കി മുംബൈ സ്റ്റേഡിയത്തെ നിഷേധമാക്കിയാണ് താരം ബാറ്റ് ചെയ്തത്. അതിനിടയിൽ സ്മിത്ത് (22) ഹാർദിക്കിന് മുന്നിൽ വീണെങ്കിലും മാർഷ് തളർന്നില്ല.

കൈവിട്ടുപോകുമെന്ന് തോന്നിച്ച മത്സരത്തിൽ മാർഷിന്റെ81 (65) വിക്കറ്റെടുത്ത് ജഡേജ ഇന്ത്യക്ക് ആശ്വാസം നൽകി. പിന്നെ എല്ലാം ചടങ്ങ് മാത്രമായിരുന്നു. മാര്‍നസ് ലാബുഷാഗ്‌നെ (15) ജോഷ് ഇംഗ്ലിസ്,((26)കാമറൂണ്‍ ഗ്രീന്‍(12) ഗ്ലെന്‍ മാക്സ്വെല്‍(8) മാര്‍ക്കസ് സ്റ്റോയിനിസ്(5) സീന്‍ ആബട്ട്(0) , ആദം സാമ്പ(0) എന്നിവർ വീണപ്പോൾ സ്റ്റാർക്ക് 4 റൺസുമായി പുറത്താകാതെ നിന്നു. ആദ്യം മുതൽ മികച്ച രീതിയിൽ എറിഞ്ഞ ഷമി മൂന്ന് വിക്കറ്റും ആദ്യ സ്പെല്ലിൽ തല്ലുകൊണ്ട ശേഷം മനോഹരമായി തിരിച്ചുവന്ന സിറാജ് മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോൾ ജഡേജ രണ്ടും ഹാര്ദിക്ക് കുൽദീപ് എന്നിവർ ഓരോ വിക്കറ്റും നേടി തിളങ്ങി.

Read more

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും പിടിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷയിലാണ് ഓസ്ട്രേലിയ. ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. കുല്‍ദീപ് യാദവാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ശര്‍ദുല്‍ താക്കൂറും ടീമില്‍ ഇടംപിടിച്ചു.