ദക്ഷിണാഫ്രിക്കയുടെ അന്തകനാകാന്‍ അശ്വിന്‍; കാത്തിരിക്കുന്നത് ചരിത്ര നേട്ടം

ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയം ഉന്നമിടുന്ന ഇന്ത്യയ്ക്കായി ആയുധങ്ങള്‍ തേച്ചുമിനുക്കി സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ അശ്വിന്‍ പഞ്ചദിന മത്സരങ്ങളില്‍ തന്റെ ആധിപത്യം തുടരാനുള്ള മുന്നൊരുക്കത്തിലാണ്.

വലിയ ആത്മവിശ്വാസത്തോടെയാണ് അശ്വിന്‍ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 14 വിക്കറ്റ് നേട്ടം കൊയ്ത അശ്വിന്‍ മാന്‍ ഓഫ് ദി സീരിസും സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എന്നു പേടി സ്വപ്‌നമാണ് ആശ്വിന്റെ പന്തുകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പത്തു ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 53 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

അതേസമയം, സ്പിന്നിലെ അനുകൂലിക്കുന്ന സ്വന്തം മണ്ണിലെ പിച്ചുകളിലായിരുന്നു ഈ നേട്ടത്തില്‍ കൂടുതലും. പേസ് ബൗളിംഗിന് പ്രാധാന്യം നല്‍കുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ വീഴ്ത്താന്‍ മാത്രമേ അശ്വിന് കഴിഞ്ഞിട്ടുള്ളൂ. ആ റെക്കോഡ് മെച്ചപ്പെടുത്തുകയാവും ഇക്കുറി അശ്വിന്റെ ലക്ഷ്യം.

അതിലെല്ലാം ഉപരിയായി കരിയറിലെ മഹത്തായൊരു നേട്ടം ദക്ഷിണാഫ്രിക്കയില്‍ അശ്വിനെ കാത്തിരിക്കുന്നു. ഇതിഹാസ താരം കപില്‍ദേവിനെ പിന്തള്ളി, ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബോളറാകാന്‍ അശ്വിന് ഇനി എട്ട് ഇരകളെ കൂടി മതി. 81 ടെസ്റ്റുകളില്‍ നിന്നും 427 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. പരമ്പരയില്‍ മൂന്നു ടെസ്റ്റുകള്‍ ഉള്ളതിനാലും, ഫൈനല്‍ ഇലവനില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പുള്ളതിനാലും കപിലിനെ (434) മറികടക്കാന്‍ അശ്വിന് സാധിക്കുമെന്ന് കരുതപ്പെടുന്നു.