ഏഷ്യാ കപ്പ് ക്രിക്കറ്റ് ഇത്തവണ ട്വന്റി20 യാകും ; ശ്രീലങ്ക ആതിഥേയത്വം വഹിക്കുമെന്ന് എ.സി.സി

ഏഷ്യയിലെ ക്രിക്കറ്റ് വമ്പന്മാര്‍ ഏറ്റുമുട്ടുന്ന ഏഷ്യാക്കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ നടക്കും. ടിട്വന്റി ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഏഷ്യയിലെ ടെസ്റ്റ് പദവിയുള്ള ടീമുകള്‍ക്ക് പുറമേ യോഗ്യത നേടിയെത്തുന്ന ടീം കൂടി കളിക്കും. ഈ വര്‍ഷം ആഗസ്റ്റ് 20 മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

എല്ലാ രണ്ടുവര്‍ഷവും കൂടുമ്പോഴാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ 2020 എഡീഷന്‍ കോവിഡിനെ തുടര്‍ന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. 2021 ജൂണില്‍ ശ്രീലങ്കയില്‍ ടൂര്‍ണമെന്റ് നടത്താമോ എന്ന ആലോചന നടത്തിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചിരുന്നു.

ഇന്ത്യയ്ക്ക് വലിയ ചരിത്ര പാരമ്പര്യമുള്ള ടൂര്‍ണമെന്റാണ് ഏഷ്യാകപ്പ്്. ഇതുവരെ നടന്ന 14 തവണയില്‍ ഏഴൂ തവണയാണ് ഇന്ത്യ ചാംപ്യന്മാരായത്. ശ്രീലങ്ക അഞ്ചു തവണയും കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്താന്‍ രണ്ടു തവണമാത്രമാണ് കിരീടം നേടിയിട്ടുള്ളത്. അതേസമയം പാകിസ്താനും ബംഗ്‌ളാദേശും 13 തവണ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

Read more

ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് ടീമുകളാണ് ഏഷ്യാക്കപ്പില്‍ കളിക്കുന്നത്. ഇവര്‍ക്കൊപ്പം യുഎഇ യും കുവൈറ്റും തമ്മിലും ഹോങ്കോംഗും സിംഗപ്പൂരും തമ്മിലും യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഇവര്‍ പരസ്പരം ഏറ്റുമുട്ടുന്നതില്‍ ഒരു ടീം ആറാമനായി യോഗ്യത നേടുകയും ചെയ്യും.