ഏഷ്യന്‍ ഗെയിംസ്: ബാറ്റ് ചെയ്യാതെ തന്നെ സ്വര്‍ണം അണിഞ്ഞ് ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ പുരുഷ വിഭാഗത്തിലും ഇന്ത്യയ്ക്ക് സ്വര്‍ണം. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഫൈനല്‍ പോരാട്ടം മഴ മുടക്കിയെങ്കിലും ഉയര്‍ന്ന സീഡിംഗുള്ള ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

അഫ്ഗാന്‍ ഇന്നിംഗ്‌സ് 18.2 ഓവറില്‍ 112-5ല്‍ നില്‍ക്കുമ്പോഴാണ് മത്സരം മഴമൂലം നിര്‍ത്തിവെച്ചത്. പിന്നീട് മത്സരം പുനരാരംഭിക്കാനാവാതെ വന്നതോടെയാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. പാകിസ്ഥാനെ തകര്‍ത്തായിരുന്നു അഫ്ഗാന്‍ ഫൈനലിലെത്തിയത്.

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. നേരത്തെ വനിതാ ടീം ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു.