IPL 2024: അന്ന് സ്കൂൾ കുട്ടി നിലവാരം എന്ന് പറഞ്ഞ് ട്രോളി, ഇന്ന് പയ്യന്റെ ഷോട്ടുകൾ കണ്ട് കയ്യടിക്കുന്നു ; ഇത് റിയാൻ പരാഗിന്റെ ഐപിഎൽ കാലം

റിയാൻ പരാഗ്- ഈ താരം കഴിഞ്ഞ നാളുകളിൽ കേട്ടത് പോലെ ഉള്ള വിമർശനങ്ങൾ മറ്റാരും കേട്ട് കാണില്ല. സ്കൂൾ ടീമിൽ പോലും നിലവാരം ഇല്ലാതെ ഒരു പയ്യനെ എന്തിനാണ് റോയൽസ് താങ്ങുന്നതെന്ന് എന്നായിരുന്നു ഉയർന്നുവന്ന ഏറ്റവും വലിയ വിമർശനം. 2019 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ ടീമിന്റെ ഭാഗമായി നിന്ന താരത്തിന്റെ ഭാഗത്ത് നിന്നും ചുരുക്കം ചില മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ട് ഉണ്ടെങ്കിലും രാജസ്ഥാൻ ഉദേശിച്ചത് പോലെ ഒരു പ്രകടനം താരത്തിന്റെ ഭാഗത്ത് നിന്നും ഉഉണ്ടായിരുന്നില്ല. അതിനാൽ തന്നെ താരം ട്രോളുകളിലെ സ്ഥിരം വേട്ടമൃഗം ആയിരുന്നു. അതിനിടയിൽ ഫീൽഡിങ്ങിലെ അമിതാവേശവും ആഘോഷാവും കൂടി ആയപ്പോൾ റിയാൻ പരാഗ് എന്ന പേര് കേൾക്കുമ്പോൾ തന്നെ ആരാധകർക്ക് കോമഡി ആയി.

എന്നാൽ രാജസ്ഥാൻ പോലെ യുവതാരങ്ങൾക്ക് വേണ്ടി നല്ല നിക്ഷേപങ്ങൾ നിരവധി നടത്തിയിട്ടുള്ള ടീം ഇത്തരത്തിൽ ഒരു താരത്തെ ഒന്നും കാണാതെ നിലനിർത്തുമോ? അയാളുടെ കഴിവ് അവർ തിരിച്ചറിഞ്ഞത് കൊണ്ട് അല്ലെ അങ്ങനെ നിലനിർത്തിയത്? ആണെന്ന് തെളിയിക്കുകയാണ് റിയാൻ പരാഗ് എന്ന യുവതാരം ഈ സീസണിലെ ആദ്യ 2 മത്സരങ്ങളിലൂടെ തന്നെ.

ഗ്രൗണ്ടിൽ ഇറങ്ങിയാൽ ഉടനെ അടിച്ചുതകർക്കുന്ന പതിവ് ശൈലിയിൽ നിന്നും ക്രീസിൽ സെറ്റ് ആയ ശേഷം ആക്രമിക്കുന്ന ശൈലിയിലേക്ക് താരം ഗിയർ മാറ്റിയതോടെ പഴയ ധോണി സ്റ്റൈലിൽ കളിക്കുന്ന ഒരു താരത്തെ ആരാധകർക്ക് കാണാൻ സാധിച്ചു. സീസണിലെ ആദ്യ മത്സരത്തിൽ ലക്നൗവിനെതിരെ നേടിയ 43 റൺസോടെ സീസൺ തുടങ്ങിയ താരം ഇന്ന് ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിലാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ചത്. ഒരു ഘട്ടത്തിൽ 150 പോലും കടക്കില്ല എന്ന് കരുതിയ സ്കോർ റിയാൻ പരാഗിന്റെ (45 പന്തിൽ 84) കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് അടിച്ചെടുത്തത്.

മോശം തുടക്കത്തിലൂടെ വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന സമയത്ത് തുടക്കത്തിൽ ക്ലാസും പിന്നെ മാസുമായി കളിച്ച ഇന്നിംഗ്സിലൂടെ റിയാൻ രാജസ്ഥാനെ മാനം രക്ഷിച്ചു. ഇന്നത്തെ പ്രകടനത്തോടെ 2 മത്സരങ്ങളിൽ നിന്ന് 127 റൺസുമായി ഓറഞ്ച് ക്യാപ് ഓട്ടത്തിൽ രണ്ടാം സ്ഥാനത്ത് എത്താനും താരത്തിനായി .