കേരളത്തിലെ തിരഞ്ഞെടുപ്പിന് ശേഷം യുപിയിലെ രണ്ട് നിര്‍ണായക സീറ്റുകളില്‍ തീരുമാനമെടുക്കാന്‍ മാറ്റിവെച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം പതിയെ ആ കര്‍മ്മത്തിലേക്ക് കടന്നു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന് അമേഠിയുടേയും റായ്ബറേലിയുടേയും കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വയനാട്ടില്‍ മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധി അമേഠിയിലും മല്‍സരിക്കുമോയെന്ന സസ്‌പെന്‍സ് പൊട്ടിക്കാതെ കോണ്‍ഗ്രസ് കാത്തത് ഏപ്രില്‍ 26 കടമ്പ കടക്കാനായിരുന്നു. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ് രാഹുല്‍ അമേഠിയില്‍ മല്‍സരിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ വയനാട്ടിലെ വോട്ട് പെട്ടിയില്‍ വീണപ്പോള്‍ യുപിയിലെ കോണ്‍ഗ്രസ് കോട്ടകളില്‍ ആര് വേണമെന്ന തീരുമാനത്തിന് പാര്‍ട്ടി ഒരുങ്ങുകയാണ്.
രാഹുല്‍ കഴിഞ്ഞ കുറി സ്മൃതി ഇറാനിയ്ക്ക് മുമ്പില്‍ വീണ അമേഠിയില്‍ വീണ്ടും മല്‍സരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. റായ്ബറേലിയെന്ന കഴിഞ്ഞ തവണ ഉത്തര്‍പ്രദേശിലെ ഏക കോണ്‍ഗ്രസ് തുരുത്തില്‍ ആര് മല്‍സരിക്കുമെന്ന ചോദ്യവും ശക്തമാണ്. യുപിയില്‍ ഒറ്റ സീറ്റ് മാത്രമുള്ള കോണ്‍ഗ്രസിന് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നീങ്ങിയതോടെ റായ്ബറേലിയില്‍ പ്രിയങ്കയോ രാഹുല്‍ ഗാന്ധിയോ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അപ്പോഴും അമേഠിയെന്ന നെഹ്‌റു കുടുംബത്തിന്റെ കോട്ട തിരിച്ചുപിടിക്കാന്‍ ആര് എന്ന ചോദ്യം ശക്തമായിരുന്നു. അപ്പോഴാണ് കോണ്‍ഗ്രസിനെ ബിജെപി സ്ഥിരം വേട്ടയാടാനുപയോഗിക്കുന്ന മരുമകന്‍ വദ്രയുടെ രംഗപ്രവേശം.
താന്‍ അമേഠിയില്‍ മല്‍സരിക്കുാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആളുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും പറഞ്ഞു ബിസിനസ് മാനും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര തന്റെ രാഷ്ട്രീയ മോഹം വെളിപ്പെടുത്തി. ജനങ്ങള്‍ ചെയ്ഞ്ചാണ് ആഗ്രഹിക്കുന്നതെന്നും ബിജെപി സെന്‍ട്രല്‍ ഏജന്‍സികളെ ദുരുപയോഗിക്കുന്നത് കണ്ടു മടുത്ത ജനങ്ങള്‍ ബിജെപിയെ എങ്ങനേയും അധികാരത്തില്‍ നിന്ന് ഇറക്കാനാണ് ആഗ്രഹിക്കുന്നതെന്നും വദ്ര പറഞ്ഞു. രാഹുലും പ്രിയങ്കയും നടത്തുന്ന കഠിനാധ്വാനം കണ്ട് ഇന്ത്യയിലെ ജനങ്ങള്‍ അവര്‍ക്കൊപ്പമാണെന്ന് കൂടി പറഞ്ഞുകൊണ്ടാണ് അമേഠിയിലേക്കുള്ള തന്റെ കണ്ണ് വെളിവാക്കിയത്. അമേഠിയില്‍ 1999 മുതല്‍ താന്‍ പ്രചാരണം നടത്തിയിരുന്നുവെന്നും നിലവിലെ എംപിയായ സ്മൃതി ഇറാനി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പറഞ്ഞ വദ്ര കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാള്‍ ഒത്തിരി കാതം മുന്നിലാണെന്ന് കൂടി പറഞ്ഞുവെയ്ക്കുന്നുണ്ട്.
ഗാന്ധി കുടുംബത്തിലെ ഒരാള്‍ തന്നെ അമേഠിയിലേക്ക് വരുന്നതാണ് നല്ലതെന്നും രാഹുലിന് താല്‍പര്യമില്ലെങ്കില്‍ ഞാന്‍ മല്‍സരിക്കാമെന്ന മട്ടിലാണ് റോബര്‍ട്ട് വദ്ര ഈ മാസാദ്യം മുതല്‍ നടത്തിയ അഭിപ്രായ പ്രകടനം. അമേഠിയിലെ ഗൗരിഗഞ്ചിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ വദ്രയുടെ പടം വന്നതേ കാര്യങ്ങള്‍ ആ വഴിക്കും നീങ്ങുന്നുവെന്നതിന്റെ സൂചനയായിരുന്നു. പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും എന്ന നിലയിലും ചര്‍ച്ചകള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ സജീവമാണ്. അടുത്ത ആഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണമെന്ന് ഇരിക്കെ മേയ് 3 വരെ കോണ്‍ഗ്രസിന് സമയമുണ്ട്. ഏഴ് ഘട്ടമായി നടക്കുന്ന 2024 തിരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ടത്തിലാണ് അമേഠിയും റായ് ബറേലിയും പോളിംഗ് ബൂത്തിലെത്തുക. ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് മേയ് 20ന് ആണ്, ഈ സാധ്യത കണ്ടാണ് അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് മുന്നോട്ട് പോയതും വയനാട്ടിലെ വോട്ട് വീഴാന്‍ കാത്തിരുന്നതും.
ബിജെപി സിറ്റിംഗ് എംപി സ്മൃതി ഇറാനിയെ തന്നെയാണ് അമേഠിയില്‍ നിര്‍ത്തിയിരിക്കുന്നത്. പക്ഷേ രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവിനെ സ്മൃതി ഇറാനി ഭയക്കുന്നുവെന്ന സൂചന നല്‍കിയാണ് അമേഠിയിലെ സ്മൃതിയുടെ പ്രകടനങ്ങള്‍. മതവും വര്‍ഗീയതയുമെല്ലാം പറഞ്ഞു അയോധ്യയിലെ രാമനേയും ഇറക്കി കാര്യങ്ങള്‍ കൈപ്പിടിയില്‍ തന്നെ നിര്‍ത്താന്‍ വല്ലാത്ത പാടാണ് സ്മൃതി പെടുന്നത്. അമേഠിയുമായി അഗാധമായ ബന്ധമുണ്ടെന്ന് പറയുന്ന രാഹുല്‍ ഗാന്ധി വയനാട് തന്റെ വീടാണെന്നാണ് പറയുന്നതെന്ന് പരിഹസിച്ചാണ് സ്മൃതി ഇറാനി അമേഠിക്കാരെ പച്ചക്കൊടി ഓര്‍മ്മിപ്പിക്കുന്നത്. അമേഠിയിലേക്ക് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിനെത്താന്‍ സാധ്യതയുണ്ടെന്നും അതിന് മുമ്പായി അയോധ്യ രാമക്ഷേത്രത്തിലേക്ക് ഒരു വരവ് കൂടി പ്രതീക്ഷിക്കാമെന്നുമാണ് കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനിയുടെ പരിഹാസം. ദേവനായ രാമന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്തവര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വോട്ട് തേടിയെത്തുന്നത് ദൈവത്തെ ചതിക്കുന്നതിന് തുല്യമാണെന്നാണ് സ്മൃതിയുടെ ഭാഷ്യം.
ഷെഹ്‌സാദ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ക്ഷണം നിരസിച്ചയാളാണെന്നും പക്ഷേ വോട്ട് തേടിയെത്താന്‍ ഇപ്പോള്‍ മടിയില്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ അയോധ്യ ക്ഷേത്രസന്ദര്‍ശന സാധ്യതയെ കുറിച്ച് സ്മൃതി പറയുന്നത്. വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിയ്ക്ക് ഉടന്‍ അമേഠിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ വരവുണ്ടാകുമെന്നും പക്ഷേ ആദ്യം രാമക്ഷേത്രത്തിലാകും പോവുകയെന്നും സ്മൃതി പരിഹസിക്കുന്നുണ്ട്. കേന്ദ്രമന്ത്രിയെന്തായാലും രാഹുലിനെ കടന്നാക്രമിച്ചാണ് അമേഠിയില്‍ പ്രചാരണം കൊഴുപ്പിക്കുന്നത്. നിറം മാറുന്ന കുടുംബമാണ് ഗാന്ധി കുടുംബമെന്നെല്ലാം പറഞ്ഞാണ് സ്മൃതിയുടെ വോട്ട് തേടല്‍. ഒപ്പം കോണ്‍ഗ്രസ് പ്രകടന പത്രികയെ കുറിച്ച് നരേന്ദ്ര മോദി നടത്തുന്ന ഉണ്ടയില്ലാ വെടിയും അമേഠിയില്‍ സ്മൃതി ഇറക്കിയിട്ടുണ്ട്. രാജ്യത്തെ സമ്പത്ത് കോണ്‍ഗ്രസ് കണക്കുകൂട്ടുമെന്നും പുനര്‍വിതരണം നടത്തുമെന്നും എല്ലാം മുസ്ലീങ്ങള്‍ക്ക് കോണ്‍ഗ്രസ് കൊടുക്കുമെന്നും പറഞ്ഞാണ് അമേഠിയില്‍ മോദിയുടെ അനുയായിയും അഭിനേത്രിയുമായ സ്മൃതിയുടെ പ്രചാരണം. എന്തായാലും വദ്ര ഇറങ്ങുമോ രാഹുല്‍ ഇറങ്ങുമോ അതോ പ്രിയങ്ക വരുമോ, അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമോ എന്നെല്ലാം ഉടനറിയാം.