ഇന്ത്യ കഴിഞ്ഞാല്‍ ഏഷ്യയിലെ മികച്ച ക്രിക്കറ്റ് ടീം...; തിരഞ്ഞെടുത്ത് പാകിസ്ഥാന്റെ മുന്‍ വനിതാ താരം

ഇന്ത്യ കഴിഞ്ഞാല്‍ ഏഷ്യയിലെ മികച്ച ക്രിക്കറ്റ് ടീം അഫ്ഗാനിസ്ഥാനാണെന്ന് പാകിസ്ഥാന്റെ മുന്‍ വനിതാ താരം കൂടിയായ ഉറൂജ് മുംതാസ്. ചാമ്പ്യൻസ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാൻ ടീം സെമി ഫൈനല്‍ സാധ്യത കാത്തുസൂക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാന്‍ ടീമിനെ ഉറൂജ് മുംതാസ് വാനോളം പുകഴ്ത്തിയത്.

ഏഷ്യയില്‍ നിലവിലെ രണ്ടാമത്തെ മികച്ച ടീം അഫ്ഗാനിസ്ഥാൻ തന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആധുനിക ക്രിക്കറ്റ് ഇപ്പോള്‍ ആവശ്യപ്പെടുന്ന കളി മികവ് നോക്കിയാല്‍ അഫ്ഗാനിസ്ഥാനും ഏഷ്യയിലെ മറ്റു മുന്‍നിര ടീമുകളായ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരും തമ്മില്‍ വലിയ അന്തരമുണ്ടെന്നു കാണാം. അഫ്ഗാനിസ്ഥാൻ ഇപ്പോള്‍ വളരെയേറെ മുന്നേറിക്കഴിഞ്ഞതായി എനിക്കു തോന്നുന്നു. മാത്രമല്ല ക്രിക്കറ്റിനെ അവര്‍ സമീപിക്കുന്ന മനോഭാവത്തിലും മാറ്റം വന്നിട്ടുണ്ട്.

അഫ്ഗാനിസ്ഥാന് ഇപ്പോള്‍ ചില മികച്ച ക്രിക്കറ്റര്‍മാരെ ലഭിച്ചു കഴിഞ്ഞു. മികച്ച മാച്ച് വിന്നര്‍മാരും അവരുടെ സംഘത്തിലുണ്ട്. അത് റാഷിദ് ഖാന്‍ മാത്രമല്ല. വേറെയും ഒരുകൂട്ടം കളിക്കാര്‍ റാഷിദിനൊപ്പം അഫ്ഗാന്‍ ടമില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതു ടീമിന്റെ പരിണാമത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇതുവരെയുള്ള മുന്നേറ്റത്തില്‍ ജോനാഥന്‍ ട്രോട്ടും താരങ്ങളും ക്രെഡിറ്റ് അര്‍ഹിക്കുന്നു. ലോക വേദിയിയില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ ശേഷിയുള്ള സംഘമായി അഫ്ഗാന്‍ മാറിക്കഴിഞ്ഞു- ഉറൂജ് മുംതാസ് വ്യക്തമാക്കി.

Read more

2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും ഗംഭീര പ്രകടനമാണ് അഫ്ഗാന്‍ നടത്തിയത്. അന്ന് ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും അഫ്ഗാന്‍ പരാജയപ്പെടുത്തിയിരുന്നു.