ഓസ്‌ട്രേലിയന്‍ ടീമിന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സമ്മാനിക്കാന്‍ തന്നെയും ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. അലന്‍ ബോര്‍ഡറിന്റെയും സുനില്‍ ഗവാസ്‌കറുടെയും പേരിലുള്ള പരമ്പരയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി. ഇന്ത്യയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ ജയത്തോടെ ഓസ്ട്രേലിയ 10 വര്‍ഷത്തിന് ശേഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിച്ചു. എന്നാല്‍ അതേ സമയം വേദിയില്‍ ഉണ്ടായിരുന്നിട്ടും ഗവാസ്‌കറിനെ വിശദീകരിക്കാനാകാത്തവിധം അവഗണിക്കപ്പെട്ടു.
മത്സരത്തില്‍ ഇന്ത്യയോ ഓസ്ട്രേലിയയോ ആര് വിജയിക്കുമെന്നതല്ല എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. ആരാണോ നന്നായി കളിക്കുന്നത് അവര്‍ ജയം സ്വന്തമാക്കുന്നതാണ് പ്രധാനം. എന്റെ ഉറ്റസുഹൃത്തായ അലന്‍ ബോര്‍ഡറിനൊപ്പം ട്രോഫി നല്‍കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. പക്ഷേ അവര്‍ എന്നെ അതിന് ക്ഷണിച്ചില്ല, അവഗണിച്ചു- ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ടീം ട്രോഫി നേടിയിരുന്നെങ്കില്‍ അത് ടീമിന് സമ്മാനിക്കാന്‍ ഗവാസ്‌കറെ ക്ഷണിക്കുമായിരുന്നു. ഇന്ത്യ സിഡ്നി ടെസ്റ്റില്‍ വിജയിച്ച് ട്രോഫി നിലനിര്‍ത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്ക് താന്‍ അവാര്‍ഡ് നല്‍കുമെന്ന് ഗവാസ്‌കറിന് അറിയാമായിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) സ്ഥിരീകരിച്ചു.
”അലന്‍ ബോര്‍ഡറോടിനോടൊപ്പം സുനില്‍ ഗവാസ്‌കറിനോടും സ്റ്റേജില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് അഭികാമ്യമായിരുന്നുവെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു,” സിഎ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.