BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ നിന്നും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ തീരുമാനം വളരെ നേരത്തെ ആയിരുന്നു എന്നും അശ്വിൻ വിരമിച്ചത് തികച്ചും സ്വാര്‍ത്ഥമായ തീരുമാനമായിരുന്നു എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം ഡാരില്‍ കള്ളിനന്‍.

ഡാരില്‍ കള്ളിനന്‍ പറയുന്നത് ഇങ്ങനെ:

” ഒരു പരമ്പര നടന്നുകൊണ്ടിരിക്കേ അശ്വിന്‍ ഒരിക്കലും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പാടില്ലായിരുന്നു. അങ്ങനെ ചെയ്യാന്‍ അദ്ദേഹത്തെ അനുവദിക്കാനും പാടില്ലായിരുന്നു. അശ്വിന്‍ വിരമിച്ചത് തികച്ചും സ്വാര്‍ത്ഥമായ തീരുമാനമായിരുന്നു. ആ നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ അദ്ദേഹം പരസ്യപ്പെടുത്തില്ലെന്ന് വ്യക്തമാണ്. പ്ലേയിങ് ഇലവനില്‍ തിരഞ്ഞെടുക്കപ്പെടാത്തതിലുള്ള വിരോധമാണ് അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നില്‍ ” ഡാരില്‍ കള്ളിനന്‍ പറഞ്ഞു.

ഇപ്പോൾ ഇന്ത്യൻ ടീമിൽ കാര്യങ്ങൾ നല്ല രീതിയിൽ അല്ല നടന്നു പോകുന്നത്. നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറി. പകരം ആദ്യ ടെസ്റ്റ് നയിച്ച പേസ് ബോളർ ജസ്പ്രീത് ബുംറയ്ക്കാണ് നായക സ്ഥാനം ലഭിച്ചിരിക്കുന്നത്.

ഗൗതം ഗംഭീർ നടത്തിയ വാർത്താ സമ്മേളനത്തിൽ അവസാന ടെസ്റ്റ് മത്സരത്തിൽ രോഹിത് കളിക്കാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോൾ പരിശീലകൻ കൃത്യമായ ഉത്തരം നൽകിയിരുന്നില്ല. ഇതോടെ താരം ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കും എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.