ഇംഗ്ലണ്ട് ടീമിൽ വമ്പൻ അടി, ഇംഗ്ലണ്ട് നായകനുമായി ഉടക്കി ഇതിഹാസം ടീമിന് പുറത്ത്; ആരാധകർക്ക് ഷോക്ക്

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ പാളയത്തിൽ പട ശക്തമാകുന്നു. ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീമിന്റെ നായകനായ ജോസ് ബട്ട്ലറും പരിശീലക സംഘത്തിന്റെ ഭാഗമായിരുന്ന ആൻഡ്രൂ ഫ്ലിന്റോഫും തമ്മിലുള്ള അഭിപ്രായവ്യത്യസങ്ങളുടെ വാർത്തയാണ് വന്നിരിക്കുന്നത്. ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആയിരുന്നു ആൻഡ്രൂ ഫ്ലിന്റോഫ്.

ജോസ് ബട്‌ലറുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കി ഫ്ലിൻറോഫ് ഇംഗ്ളണ്ട് ടീമുമായി ബന്ധപ്പെട്ട പരിശീലക ചുമതല ഉപേക്ഷിച്ച് പിന്മാറി എന്നാണ് റിപ്പോർട്ടുകൾ.. ഇതോടെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീമിൻറെ താൽക്കാലിക കോച്ചായ മാർക്കസ് ട്രെസ്കോത്തിക് തന്നെ തൽക്കാലം കോച്ച് ആയി തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

കൺസൾട്ടന്റായിട്ടായിരുന്നു ഫ്ലിന്റോഫിനെ ഇം​ഗ്ലീഷ് പരിശീലകസംഘത്തിൽ ഉൾപ്പെടുത്തിയത്. കുറച്ചുനാളുകളങ്ങളായി ഇംഗ്ലണ്ടിന് വൈറ്റ് ബോൾ ക്രിക്കറ്റിൽ അത്ര നല്ല സമയം അല്ല. ടി 20 ലോകകപ്പിലും ഏകദിന ലോകകപ്പിലുമെല്ലാം നിരാശപ്പെടുത്തിയ പ്രകടനമാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിനാൽ തന്നെ മുഖ്യ പരിശീലകൻ മാത്യു മോട്ടിനെ ഇംഗ്ലണ്ട് പരിശീലക സ്ഥാനത്ത് നിന്ന് നീക്കി. എന്നാൽ സഹ പരിശീലകൻ ഫ്ലിന്റോഫ് തുടർന്നു. മാർക്കസ് ട്രെസ്കോത്തിക്കും ഫ്ലിന്റോഫും ചേർന്നുള്ള സംഘമായിരിക്കും പ്രവർത്തിക്കുക എന്ന് ചിന്തിച്ച സമയത്താണ് നായകനുമായി ഉടക്കി മുൻ താരം ടീം വിട്ടത്.

നിലവിലെ സാഹചര്യത്തിൽ ട്രെസ്കോത്തിക്ക് തന്നെയാണ് ടീമിന്റെ പരിശീലകനാകാനുള്ള യാത്രയിൽ മുന്നിലെന്ന് പറയാം.