ക്രിക്കറ്റിന് ബിന്നി നല്‍കിയ സംഭാവനകള്‍ സുവര്‍ണലിപികളില്‍ എഴുതപ്പെടും: സൗരവ് ഗാംഗുലി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിക്ക് ആശംസകള്‍ നേര്‍ന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കര്‍ണാടക ക്രിക്കറ്റിന് സ്റ്റുവര്‍ട്ട് ബിന്നി നല്‍കിയ സംഭാവനകള്‍ സുവര്‍ണലിപികളില്‍ എഴുതപ്പെടുമെന്ന് ഗാംഗുലി പറഞ്ഞു.

‘സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന് ഒരു നീണ്ട കരിയര്‍ ഉണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഒരു മികച്ച അന്താരാഷ്ട്ര സജ്ജീകരണത്തിന്റെ അടിസ്ഥാനമാണ്. അതില്‍ സ്റ്റുവര്‍ട്ടിന്റെ സംഭാവന വളരെ വലുതാണ്. നിരവധി പ്രശസ്ത കളിക്കാരെ സൃഷ്ടിച്ച കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവന സുവര്‍ണലിപികളില്‍ എഴുതപ്പെടും. അദ്ദേഹത്തിന്റെ ഭാവി ജീവിതത്തില്‍ എല്ലാ വിജയങ്ങളും ഞാന്‍ ആശംസിക്കുന്നു’ ഗാംഗുലി പറഞ്ഞു.

Former India all-rounder Stuart Binny announces retirement - Rediff Cricket

ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി20കളും കളിച്ചിട്ടുള്ള താരമാണ് ബിന്നി. ടെസ്റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും 20 വിക്കറ്റും ടി20യില്‍ 35 റണ്‍സും 3 വിക്കറ്റുമാണ് ബിന്നിയുടെ സമ്പാദ്യം. ഏകദിനത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം ബിന്നിയുടേതാണ്. 2014 ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് ബിന്നി വീഴ്ത്തിയത്. 17 വര്‍ഷം നീണ്ട ആഭ്യന്തര കരിയറില്‍ കര്‍ണാടകയ്ക്കായി 95 മത്സരങ്ങള്‍ ബിന്നി കളിച്ചിട്ടുണ്ട്.