എറണാകുളം കോതമംഗലത്ത് ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ മകള്‍ മുസ്‌ക്കാനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് അജാസ് ഖാനെയും ഭാര്യയെയും ചോദ്യം ചെയ്തുവരികയാണ്. അജാസ് ഖാനും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.
Read more
കഴിഞ്ഞ ദിവസം രാത്രി കുട്ടി പതിവുപോലെ ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നിരുന്നു. മുസ്‌ക്കാനും ഇളയ കുട്ടിയുമാണ് ഒരുമിച്ച് കിടന്നിരുന്നത്. രാവിലെ മുസ്‌ക്കാന്‍ ഉണരാതിരുന്നതോടെ വീട്ടുകാര്‍ കുട്ടിയെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുസ്‌ക്കാനൊപ്പമുണ്ടായിരുന്നത് കൈക്കുഞ്ഞായിരുന്നു.