ടീമിൽ സ്ഥാനം കിട്ടാതെ ഇരിക്കുന്നതിൽ സ്വയം പഴിക്കുക, കഴിവ് ഉണ്ടായിട്ടും എല്ലാം നശിപ്പിച്ചവനാണ് അവൻ; ഇന്ത്യൻ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

ഇന്ത്യൻ ടെസ്റ്റ് ടീമിൽ പൃഥ്വി ഷായുടെ അസാന്നിധ്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. വലംകൈയ്യൻ ബാറ്റർ തൻ്റെ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടിയെങ്കിലും പരിക്കും മോശം ഫോമും ജീവിതശൈലിയും കാരണം ക്രിക്കറ്റിൽ വിജയിക്കാനായില്ല. വലംകൈയ്യൻ ബാറ്റർ പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്, ഇത് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് നയിച്ചു. ഡൽഹി ക്യാപിറ്റൽസ് ഐപിഎലിൽ ടീമിന്റെ ഭാഗമായി നിലനിർത്തിയില്ലെങ്കിലും സ്ഥാനം ന്യായീകരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്താക്കപ്പെട്ടു.

തൻ്റെ ഭരണകാലത്ത് ഷായിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് ഖേദകരമാണെന്ന് അന്നത്തെ മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആകാശ് ചോപ്ര ഇതുമായി ബന്ധപ്പെട്ട പറഞ്ഞത് ഇങ്ങനെ ” ഷാ സ്വയം കുറ്റപ്പെടുത്തണം. പ്രകടനം മികച്ചതായിരുന്നില്ല, കഴിവുള്ള ഒരു കുട്ടിയായിട്ടും അവനു കാര്യമായ ഒന്നും ചെയ്യാനായില്ല. ”അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി ഉടനെ ഒന്നും താരം കളത്തിൽ ഇറങ്ങാൻ പോകില്ല എന്നും ചോപ്ര പറഞ്ഞു “പൃഥ്വി ഷാ ഇംഗ്ലണ്ടിൽ തകർക്കുകയാണ്. ഞാൻ അവൻ്റെ മത്സരങ്ങൾ കണ്ടു. എന്നിരുന്നാലും, റുതുരാജ് ഗെയ്‌ക്‌വാദിന് പോലും ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിനാൽ, തൻ്റെ അവസരങ്ങൾക്കായി അദ്ദേഹം കാത്തിരിക്കേണ്ടിവരും. ഷായ്ക്ക് ഉടനെ ഒന്നും ടീമിൽ അവസരം കിട്ടില്ല.” ചോപ്ര കൂട്ടിച്ചേർത്തു.

അഞ്ച് ടെസ്റ്റുകളിൽ നിന്ന് 42.37 ശരാശരിയിൽ 339 റൺസാണ് ഷായുടെ സമ്പാദ്യം. തൻ്റെ ആദ്യ മൂന്ന് ഇന്നിംഗ്സുകളിൽ 118.50 ന് 237 റൺസ് ഷാ നേടി.