ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ നിലവിലെ ചാമ്പ്യന്‍ വെസ്റ്റിന്‍ഡീസിന്റെ പ്രയാണത്തിന് അന്ത്യം. ഗ്രൂപ്പ് ഒന്നിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ശ്രീലങ്ക വിന്‍ഡീസിനെ 20 റണ്‍സിന് പരാജയപ്പെടുത്തി. സ്‌കോര്‍: ശ്രീലങ്ക- 189/3 (20 ഓവര്‍). വിന്‍ഡീസ്-169/8 (20).നാല് മത്സരങ്ങളില്‍ നിന്ന് വിന്‍ഡീസിന് രണ്ട് പോയിന്റ് മാത്രം സ്വന്തം. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലങ്കയുടെ സമ്പാദ്യം നാല് പോയിന്റ്.
ലങ്ക മുന്നില്‍വച്ച വലിയ ലക്ഷ്യം എത്തിപ്പിടിക്കാന്‍ വിന്‍ഡീസിന് സാധിച്ചില്ല. നിക്കോളസ് പൂരന്‍ (34 പന്തില്‍ 46, ആറ് ഫോര്‍, ഒരു സിക്‌സ്) ലങ്കയ്ക്ക് ഭീഷണി ഉയര്‍ത്തി. എന്നാല്‍ പിന്നീട് ഷിമ്രോണ്‍ ഹെറ്റ്മയര്‍ നടത്തിയ ഏകാംഗ പോരാട്ടമാണ് ലങ്കയുടെ വിജയ മാര്‍ജിന്‍ കുറച്ചത്. 54 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന ഹെറ്റ്മയര്‍ അവസാനംവരെ ലങ്കന്‍ ബോളര്‍മാരെ വിറപ്പിച്ചു. കരുത്തുറ്റ ഷോട്ടുകള്‍ തൊടുത്ത ഹെറ്റ്മയര്‍ എട്ടു ഫോറുകളും നാല് സിക്‌സും സ്വന്തം പേരിലെഴുതി. എങ്കിലും ഫീല്‍ഡിംഗിലും ബോളിംഗിലും വ്യക്തമായ പദ്ധതികളുമായി വന്ന ലങ്കന്‍ യുവ നിരയെ മറികടക്കാന്‍ അതുപോരായിരുന്നു. ക്യാച്ചുകള്‍ കൈവിടാത്ത ഫീല്‍ഡര്‍മാരും നിര്‍ണായക സമയങ്ങളില്‍ കണിശത കാത്ത ബോളര്‍മാരും വിന്‍ഡീസിനെ കടിഞ്ഞാണിട്ടു നിര്‍ത്തി.
ക്രിസ് ഗെയ്ല്‍ (1), എവിന്‍ ലൂയിസ് (8), ആന്ദ്രെ റസല്‍ (2), ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡ് (0), ജാസണ്‍ ഹോള്‍ഡര്‍ (8), ഡ്വെയ്ന്‍ ബ്രാവോ (2) എന്നീ പരിചയസമ്പന്നനായ വമ്പനടിക്കാര്‍ പരാജയപ്പെട്ടത് വിന്‍ഡീസിന് തിരിച്ചടിയായി. ലങ്കന്‍ ബോളര്‍മാരില്‍ വാനിന്ദു ഹസരങ്ക പൊള്ളാര്‍ഡിനെയും ബ്രാവോയേയും ബൗള്‍ഡാക്കി വിന്‍ഡീസിനെ വട്ടംകറക്കി. ബിനുര ഫെര്‍ണാണ്ടോയും ചമിക കരുണരത്‌നെയും രണ്ട് ഇരകളെ വീതം കണ്ടെത്തി. ദുഷ്മന്ത ചമീരയും ദാസുന്‍ ഷനകയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ, ഓപ്പണര്‍ പതും നിസാങ്കയും ചരിത് അസലങ്കയുമാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. നിസാങ്ക അഞ്ച് ഫോറുകളുടക്കം 51 റണ്‍സ് പോക്കറ്റിലാക്കി. അസലങ്ക എട്ടു ഫോറുകളും ഒരു സിക്സും തൊടുത്ത് 68 റണ്‍സ് സ്വന്തം പേരിലെഴുതി. കുശാല്‍ പേരേരയും (29) ദാസുന്‍ ഷനകയും (14 പന്തില്‍ 25, രണ്ട് ബൗണ്ടറി, ഒരു സിക്സ്) തരക്കേടില്ലാത്ത ബാറ്റിംഗ് പുറത്തെടുത്തു. വിന്‍ഡീസിനായി ആന്ദ്രെ റസല്‍ രണ്ടും ഡ്വെയ്ന്‍ ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി.