ഇന്ന് മെൽബണിൽ കണ്ടത് സിനിമ ആണോ അതോ ക്രിക്കറ്റ് ആണോ? നാലാം ടെസ്റ്റ് കണ്ട ഏതൊരു ആരാധകനും ആ സംശയം തോന്നിയാലും നമുക്ക് അയാളെ കുറ്റം പറയാൻ സാധിക്കില്ല. കാരണം ട്വിസ്റ്റുകളും മണ്ടത്തങ്ങളും അബദ്ധങ്ങളും നിറഞ്ഞ ഒരു ഫുൾ പടമാണ് ഇന്ന് നടന്നത്. ആദ്യ ഇന്നിങ്സിൽ 474 റൺ എടുത്ത ഓസ്‌ട്രേലിയക്ക് മറുപടിയായി ഇറങ്ങിയ ഇന്ത്യ 369 റൺസിന് പുറത്തായിരുന്നു. 105 റൺ ലീഡുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓസ്ട്രേലിയ കളിയുടെ ഒരു ഘട്ടത്തിലെ പതർച്ചക്ക് ശേഷം മനോഹരമായി തിരിച്ചുവന്ന് 228 – 9 എന്ന നിലയിൽ നിൽക്കുമ്പോൾ അവർക്ക് 333 റൺസ് ലീഡ് ഉണ്ട് നിലവിൽ.
105 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ ഇറങ്ങുമ്പോൾ അവരുടെ മനസ്സിൽ കൂറ്റൻ ലീഡ് സ്വപ്നം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് തുടക്കത്തിൽ നിതീഷ് കുമാർ റെഡ്ഢിയുടെ ( 114 ) വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കുക ആയിരുന്നു. അതോടെ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിലേ പ്രഹരം ഏറ്റു. കഴിഞ്ഞ ഇന്നിങ്സിലെ ഹീറോ കോൺസ്റ്റാസ് (6 ) റൺ മാത്രമെടുത്ത് ബുംറയുടെ മുന്നിൽ വീണു. ശേഷം ലാബുഷാഗ്നെക്കൊപ്പം ഖവാജ ക്രീസിൽ ഉറച്ചു. എങ്കിലും കൃത്യമായ ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞ ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ ഇരുവരും റൺ നേടാൻ പാടുപെട്ടു. കൂട്ടത്തിൽ ലാബുഷാഗ്നെ ആണ് കുറച്ചുകൂടി റൺ സ്കോർ ചെയ്യാൻ ശ്രമിച്ചത്.
ഈ പരമ്പരയിൽ ഇതുവരെ നിരാശപ്പെടുത്തിയ സിറാജിന്റെ ഊഴം ആയിരുന്നു അടുത്തത്. നന്നായി ബുദ്ധിമുട്ടിയ ഖവാജ (21 ) മടക്കി സിറാജ് ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു. കഴിഞ്ഞ ഇന്നിങ്സിലെ ഹീയ സ്മിത്തും ലാബുഷാഗ്നെയും കൂടി സ്ക്രിരേ ഉയർത്തുമെന്ന് കരുതിയപ്പോൾ സ്മിത്തിനെ(13 ) മടക്കി സിറാജ് രക്ഷകനായി. ഈ പരമ്പരയിൽ ഉടനീളം ഇന്ത്യയെ ബുദ്ധിമുട്ടിച്ച ഹെഡ് ക്രീസിൽ എത്തിയതോടെ ബുംറയെ മറ്റൊരു സ്പെല്ലിന് രോഹിത് മടക്കി വിളിച്ചു. ആദ്യ ഇന്നിങ്സിൽ തനിക്ക് മുന്നിൽ പൂജ്യനായി മടങ്ങിയ ഹെഡിനെ രണ്ടാം ഇന്നിങ്സിൽ 1 റൺസിന് മടക്കി ബുംറ വീണ്ടും ഹീറോ ആയി. ശേഷം കണ്ടത് കൂട്ടപാലനയം ആയിരുന്നു. സ്മിത്തിന് തൊട്ടുപിന്നാലെ മാർഷ് (0 ) അലക്സ് കാരി( 2 ) എന്നിവരും ബുംറക്ക് മുന്നിൽ വീണു.
ഇതോടെ 91 – 6 എന്ന നിലയിൽ ഒതുങ്ങിയ ഓസ്‌ട്രേലിയയെ വേഗം തീർക്കാം എന്ൻ ഇന്ത്യയുടെ കണക്കുകൂട്ടൽ പാളി. ലാബുഷാഗ്നെ, കമ്മിൻസ് എന്നിവരുടെ ക്യാച്ച് നഷ്ടപ്പെടുത്തിയ ജയ്‌സ്വാൾ ഓസ്‌ട്രേലിയയെ രക്ഷിച്ചു. ആ സമയത്ത് ലാബുഷാഗ്നെ 44 റൺ മാത്രമായിരുന്നു എടുത്തിരുന്നത്. എന്തായാലും ഈ ഡ്രോപ്പ് മുതലെടുത്ത ഇരുവരും 91 – 6 എന്ന നിലയിൽ നിന്ന് 148 – 7 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ചു. ഇതിനിടയിൽ ലാബുഷാഗ്നെയെ 70 മടക്കി സിറാജ് ഇന്ത്യയെ മത്സരത്തിൽ തിരികെ എത്തിച്ചു. ശേഷം കമ്മിൻസ് ജഡേജക്ക് ഇരയായി 41 റൺ എടുത്തും സ്റ്റാർക്ക് 5 റൺസിന് പന്തിന്റെ നേരിട്ടുള്ള ത്രോയിൽ പുറത്തായി.
അതോടെ ഇന്നിംഗ്സ് ഇപ്പോൾ തീരുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബോളണ്ട്- ലിയോൺ സഖ്യം ക്രീസിൽ ഉറച്ച് ഇന്ത്യക്കിട്ട് പണിതു. ഇരുവരും 100 പന്തുകൾക്ക് മുകളിൽ പിടിച്ചുനിന്ന് ഇന്ത്യയെ ഞെട്ടിച്ചു. ലിയോൺ 41 ഉം ബോളണ്ട്10 ഉം റൺ എടുത്ത് നിൽക്കുകയാണ് ഇപ്പോൾ. ഇരുവരും ക്രീസിൽ നിന്ന സമയത്ത് രോഹിത് ഒരുക്കിയ ഫീൽഡ് പ്ലേസ്‌മെന്റുകളും അതിദയനീയം ആയിരുന്നു. വാലറ്റക്കാർ ആയിട്ട് കൂടി രോഹിത് അറ്റാക്കിങ് ഫീൽഡ് സെറ്റിങ് ആണ് ഡിഫൻസീവ് ശൈലിക്ക് പകരം സ്വീകരിച്ചത്. അതിന്റെ ഫലമായി ഇരുവരും സിംഗിളുകൾ എടുക്കുകയും ചെയ്തു. ഇന്ത്യക്കായി ബുംറ നാലും സിറാജ് മൂന്നും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
നാളെ എത്രയും വേഗം ഇന്ത്യയെ ബാറ്റിംഗിന് അയക്കാനാണ് ഇനി ഓസീസ് ശ്രമം.