സെഞ്ച്വറിയും അര്‍ദ്ധസെഞ്ച്വറിയും, പൂരന്‍ ഐപിഎല്ലില്‍ കസറും ; സണ്‍ റൈസേഴ്‌സ് സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നു

ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ വമ്പന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഇതില്‍പ്പരം ഒരു സന്തോഷം ഉണ്ടാകാനില്ല. ഐപിഎല്‍ മെഗാലേലത്തില്‍ മുടക്കിയ 10.75 കോടി ഈ മാസം ഒടുവില്‍ തുടങ്ങാന്‍ പോകുന്ന ഐപിഎല്ലിലേക്ക് നല്‍കുന്നത് വന്‍ പ്രതീക്ഷയാണ്. കഴിഞ്ഞമാസം നടന്ന ഇന്ത്യന്‍ പരമ്പരയിലും തൊട്ടുപിന്നാലെ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്രിനിഡാഡ് ടി10 ബ്ലാസ്റ്റ് ഗെയിമിലും അവരുടെ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരന്‍ വമ്പനടികള്‍ കൊണ്ട് വെടിക്കെട്ട് നടത്തി മുന്നേറുകയാണ്.

വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്രിനിഡാഡ് ടി10 ബ്ലാസ്റ്റ് ഗെയിമിലാണ് നിക്കോളാസ് പൂരന്‍ ബാറ്റിങില്‍ കത്തിക്കയറിയത്. സ്‌കാര്‍ലറ്റ് ഇബിസ് സ്‌കോര്‍ച്ചേഴ്സിനെതിരായ കളിയില്‍ ലെതര്‍ബാക്ക് ജയന്റ്സിനു വേണ്ടി ഇറങ്ങിയ താരം 37 പന്തുകളിലാണ് സെഞ്ച്വറി അടിച്ചത്. 10 കൂറ്റന്‍ സിക്സറും ആറു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ആദ്യം ബാറ്റ് ചെയ്ത സ്‌കോര്‍ച്ചേഴ്സ് മൂന്നു വിക്കറ്റിനു 128 റണ്‍സാണ് നിഷ്ടിത 10 ഓവറില്‍ സ്‌കോര്‍ ചെയ്തത്. ഒമ്പതാം ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ പൂരന്റെ ടീം വിജയം പൂര്‍ത്തിയാക്കി.

Read more

വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കെ സിക്സര്‍ പായിച്ചാണ് അദ്ദേഹം ടീമിന്റെ വിജയ റണ്‍സും ഒപ്പം സെഞ്ച്വറിയും പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസം ഇന്ത്യയില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും വെസ്റ്റ് ഇന്‍ഡീസിനായി താരം തകര്‍ത്തടിച്ചിരുന്നു. പരമ്പരയിലെ മൂന്നു കളികളിലും ഫിഫ്റ്റിയടിച്ച പൂരന്‍ 61.33 ശരാശരിയില്‍ 140.45 സ്ട്രൈക്ക് റേറ്റോടെ 184 റണ്‍സാണ് പൂരന്‍ നേടിയത്. 17 ബൗണ്ടറികളും ഒമ്പതു സിക്സറുകളും അദ്ദേഹം പായിക്കുകയും ചെയ്തു. റണ്‍സില്‍ മാത്രമല്ല പരമ്പരയില്‍ ബൗണ്ടറി, സിക്സര്‍ എന്നിവയിലും ഒന്നാമനായത് പൂരനായിരുന്നു.