ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബാബര്‍ അസമിന്റെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്താനൊരുങ്ങി പിസിബി. ബാബര്‍ അസമിനെ ഓപ്പണറായി ഇറക്കാന്‍ പാകിസ്ഥാന്‍ ടീം ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് പ്രകാരം, മുഖ്യ പരിശീലകന്‍ ആകിബ് ജാവേദ്, ബാറ്റിംഗ് പരിശീലകന്‍ ഷാഹിദ് അസ്ലം, ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ ബാബര്‍ ഓപ്പണ്‍ റോളില്‍ ഇറങ്ങുന്നതിനോട് അനുകൂല നിലപാട് സ്വികരിച്ചെന്ന് അറിയുന്നു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഈ മൂവര്‍ സംഘം ബാബര്‍ അസമിനെ ബോധ്യപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഓപ്പണറായതിന് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്കായി കാഴ്ചവെച്ച അതേ പ്രകടനം ബാബറിലൂടെയും സാധ്യമാകുമെന്ന് പാക് ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാകിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഫഖര്‍ സമാന്‍ ഒഴികെ, ടീമില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ഏകദിന ഓപ്പണറും ടീമില്‍ ഇല്ല. അതിനാല്‍ ടൂര്‍ണമെന്റില്‍ ബാബര്‍ അസമിനോട് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെടാമെന്ന സൂചനകളെ ഇത് ശക്തമാക്കുന്നു.
ഓപ്പണര്‍ എന്ന നിലയില്‍ ബാബര്‍ അസമിന് നല്ല അനുഭവപരിചയമുണ്ട്. വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ടി20യില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ടീമിനെ നിരവധി വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. സാം അയൂബ് മത്സരത്തില്‍നിന്ന് പുറത്തായതിന് ശേഷം ദക്ഷിണാഫ്രിക്കെതിരായ അവസാന ടെസ്റ്റില്‍ അദ്ദേഹം ടീമിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. രണ്ട് ഇന്നിംഗ്‌സുകളിലും താരം അര്‍ദ്ധസെഞ്ചുറിയും നേടിയിരുന്നു.