ചാമ്പ്യൻസ് ട്രോഫി: ജസ്പ്രീത് ബുംറയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; ഞെട്ടലോടെ ആരാധകർ

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പേസ് ബോളറായ ജസ്പ്രീത് ബുംറ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ കളിച്ചേക്കില്ല. പുറം വേദനയെ തുടർന്നു അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. ഇന്ത്യൻ ടീമിന്റെ മെഡിക്കൽ യൂണിറ്റ് അദ്ദേഹത്തിനെ പരിശോധിക്കുകയാണ്. ശക്തമായ പുറം വേദന തുടർന്നാൽ അദ്ദേഹം ടൂർണമെന്റിൽ നിന്ന് പുറത്താകും. വരും ദിവസങ്ങളിൽ താരത്തിന്റെ കാര്യത്തിലുള്ള വിവരങ്ങൾ ലഭ്യമായേക്കും.

പുറം വേദനയെ തുടർന്ന് ബോർഡർ ഗവാസ്കർ ട്രോഫിയുടെ അവസാന ടെസ്റ്റ് മത്സരത്തിന്റെ പകുതിയിൽ വെച്ച് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. പരമ്പരയിലെ ഒരു മത്സരത്തിൽ പോലും അദ്ദേഹം 50 ഓവറുകൾ വരെ എറിയേണ്ടി വന്നിട്ടുണ്ട്. ജോലി ഭാരം കൂടുതൽ ആയതിനാൽ ശക്തമായ പുറം വേദനയെ തുടർന്നാണ് അദ്ദേഹം ഇപ്പോൾ ചികിത്സ തേടിയിരിക്കുന്നത്.

ഇതോടെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ഉള്ള മത്സരത്തിൽ നിന്നും ബുംറ വിട്ടു നിന്നേക്കും എന്ന് വ്യക്തമായി. താരത്തിന്റെ വിടവ് ടൂർണമെന്റിൽ ഉടനീളം ഇന്ത്യയെ ബാധിക്കാൻ സാധ്യത ഉണ്ട്. കൂടാതെ ഇന്ത്യൻ താരങ്ങളിൽ പലരും ഇപ്പോൾ മോശമായ പ്രകടനമാണ് നാളുകൾ ഏറെയായി നടത്തി വരുന്നതും. ഇതോടെ ആരാധകരുടെ ആശങ്ക വർധിച്ചു.

ഫെബ്രുവരി 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശുമായി ഫെബ്രുവരി 20 നാണ്. പാകിസ്താനെതിരെ ഉള്ള മത്സരം 23നും. വരും ദിവസങ്ങളിൽ ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചേക്കും.