ഐപിഎല്‍ 2025 മാര്‍ച്ച് 23 ന് ആരംഭിക്കും, ഫൈനല്‍ മെയ് 25 ന്

ഐപിഎല്ലിന്റെ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) പുതിയ സീസണ്‍ മാര്‍ച്ച് 23 ന് ആരംഭിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടന തീയതി അദ്ദേഹം സ്ഥിരീകരിച്ചപ്പോള്‍, പ്ലേഓഫുകളുടെയും ഫൈനലിന്റെയും തിയതികള്‍ അദ്ദേഹം വ്യക്തമാക്കിയില്ല. എന്നിരുന്നാലും ഫൈനല്‍ മെയ് 25 ന് നടക്കുമെന്നാണ് സൂചന.

പുതിയ ട്രഷററെയും സെക്രട്ടറിയെയും നിയമിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കൂടിയ ബിസിസിഐ യോഗത്തിലാണ് ഐപിഎല്‍ പുതിയ സീസണിന്റെ കാര്യങ്ങളിലും തീരുമാനമെടുത്തത്. അടുത്ത ഞായറാഴ്ച, ജനുവരി 19 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന അടുത്ത മീറ്റിംഗിലും ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

2024-ല്‍ ഐപിഎല്‍ കിരീടം ഉയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പതിനെട്ടാം പതിപ്പില്‍ കിരീടം നിലനിര്‍ത്താന്‍ കളത്തിലിറങ്ങുംമ്പോള്‍ ബാക്കി ടീമുകള്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ശക്തമായ ടീമിനെയാണ് ഒരുക്കിയെടുക്കുന്നത്. മെഗാ ലേലത്തിന് ശേഷം വരുന്ന ആദ്യ സീസണായതിനാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ടൂര്‍ണമെന്റിനായി കാത്തിരിക്കുന്നത്.