രോഹിതിന്റെ കാര്യത്തിൽ തെറ്റ് പറ്റിയിട്ടില്ല, അമ്പയർ ശരിയായ തീരുമാനമാണ് എടുത്തുതെന്ന് ചൗള

ഐപിഎല്ലില്‍ ഇന്നലെ നടന്ന മുംബൈ-കൊല്‍ക്കത്ത മത്സരത്തിലെ രോഹിത് ശര്‍മ്മയുടെ പുറത്താകല്‍ വിവാദത്തിലായിരിക്കുകയാണ് . ബാറ്റില്‍ പന്ത് കൊള്ളാതിരുന്നിട്ടും അല്‍ട്രാ എഡ്ജ് കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ല എന്ന വ്യക്തമായിരുന്നു. എന്നാല്‍ അല്‍ട്രാ എഡ്ജ് പരിശോധിച്ചപ്പോള്‍ സ്‌പൈക്ക് കാണുകയായിരുന്നു. രോഹിത് പുറത്തായതോടെ സംഭവം വലിയ വിവാദമായി. ഇതിന് എതിരെ വലിയ പ്രതികരണം നടക്കുന്നതിനിടെ അമ്പയർ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് പിയുഷ് ചൗള.

ടിം സൗത്തി എറിഞ്ഞ പന്തില്‍ ഡിഫന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പാഡില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ഷീല്‍ഡണ്‍ ജാക്‌സണ്‍ ഡൈവ് ചെയ്ത് ക്യാച്ച് പിടിച്ചു. ടീം ഒന്നടങ്കം ക്യാച്ചിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. ഉടനെ ശ്രേയസ്സ് അയ്യര്‍ റിവ്യൂ ചെയ്തു. എന്നാല്‍ റിപ്ലേയില്‍ ബാറ്റിലേക്ക് പന്ത് എത്തുന്നതിനു മുന്‍പും അതിനു ശേഷവും അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് കണ്ടു. അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് കണ്ടപ്പോള്‍ ബാറ്റിനും പന്തിനും ഇടയില്‍ വലിയൊരു ഗ്യാപ്പ് ഉണ്ടായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ ഇത് ഔട്ട് വിധിക്കുകയായിരുന്നു.

“ഇല്ല, ഞാൻ അങ്ങനെ കരുതുന്നില്ല (രോഹിത് ശർമ്മയെ തെറ്റായി പുറത്താക്കിയതാണോ എന്ന കാര്യത്തിൽ). ഒരു മൂന്നാം അമ്പയർക്ക് തീരുമാനമെടുക്കാൻ തെളിവ് ആവശ്യമാണെന്ന് അവർ പറയുന്നു , വ്യക്തമായ സ്പൈക്ക് ഉണ്ടായിരുന്നു അതിനാൽ തന്നെയാണ് ഔട്ട് കൊടുത്ത്.”

ഇത് തേര്‍ഡ് അംപയറുടെ പിശകാണെന്നാണ് മുംബൈ ആരാധകര്‍ വാദിക്കുന്നത്. മുംബൈ തോറ്റത് കൊല്‍ക്കത്തയോടല്ല അമ്പയറോടാണെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മയും മുംബൈ പരിശീലകന്‍ മഹേല ജയവര്‍ധനയുമെല്ലാം ഈ പുറത്താകലില്‍ നിരാശ പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. പന്ത് ബാറ്റിലേക്കെത്തുന്നതിന് മുമ്പ് അല്‍ട്രാ എഡ്ജ് കാട്ടിയത് സാങ്കേതിക പിഴവാകാനാണ് സാധ്യത.

മുമ്പും സാങ്കേതിക പ്രശ്നങ്ങൾ കാരണം പുറത്തായ ബാറ്റ്‌സ്മാന്മാർ നിരവധിയാണ്.