IPL 2025: എന്തൊരു മോശം ടീം, ധോണിയുടെ സ്ഥാനത്ത് രോഹിത് ആയിരുന്നേല്‍ ചെന്നൈ ജയിച്ചേനെ, ഇതിപ്പോ ഈ സീസണോടെ ഇവര് കളി നിര്‍ത്തുന്നതാ നല്ലത്, രോഷത്തോടെ ആരാധകര്‍

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തോല്‍പ്പിച്ചതോടെ പോയിന്റ് ടേബിളില്‍ ചെന്നൈ ടീം എറ്റവും താഴെ പോയിരിക്കുകയാണ്. റിതുരാജ് ഗെയ്ക്വാദിന് പകരം ധോണി ക്യാപ്റ്റന്‍സി ഏറ്റെടുത്തെങ്കിലും സിഎസ്‌കെ വീണ്ടും പരാജയപ്പെടുകയായിരുന്നു. ചെന്നൈയുടെ ഹോംഗ്രൗണ്ടായ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം. ആദ്യ ബാറ്റിങ്ങില്‍ 20 ഓവറില്‍ 103 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു സിഎസ്‌കെയുടെ ബാറ്റിങ് നിര. സുനില്‍ നരെയ്‌ന്റെയും വരുണ്‍ ചക്രവര്‍ത്തിയുടെയും സ്പിന്‍ കെണിയില്‍ കുടുങ്ങുകയായിരുന്നു ചെന്നൈ. കൂടാതെ കൊല്‍ക്കത്തയുടെ പേസര്‍മാരും സിഎസ്‌കെയ്ക്ക് തിരിച്ചടി കൊടുത്തു.

നാല് പേര്‍ മാത്രം ചെന്നൈക്കായി രണ്ടക്കം കടന്ന മത്സരത്തില്‍ തിരിച്ചടിക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു അവര്‍. അതേസമയം ഈ സീസണിലെ അഞ്ചാം തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റുവാങ്ങിയത്. തോറ്റതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സിഎസ്‌കെ ടീമിനെ എയറിലാക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഈ സീസണോടെ ചെന്നൈ കളി നിര്‍ത്തുന്നതാ നല്ലതെന്നാണ് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പറയുന്നത്. ടീമിലുളള എല്ലാ പ്രതീക്ഷകളും പോയെന്നും ഇനി ടീമിനെ പിന്തുണയ്ക്കില്ലെന്നും ചിലര്‍ പറയുന്നു.

Read more

ചെന്നെ ക്യാപ്റ്റന്‍ വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ജയിച്ചേനെ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. ധോണിക്ക് പകരം രോഹിത് സിഎസ്‌കെ ക്യാപ്റ്റനായിരുന്നെങ്കില്‍ ടീം ജയിക്കുമായിരുന്നുവെന്ന് മറ്റൊരാള്‍ പറയുന്നു. ചെന്നൈക്ക് പുറമെ ഹൈദരാബാദും മുംബൈ ഇന്ത്യന്‍സുമാണ് ഈ സീസണില്‍ പോയിന്റ് ടേബിളില്‍ ചെന്നൈക്കൊപ്പം അവസാന സ്ഥാനക്കാരായി ഉളളത്. ഇനിയുളള മത്സരങ്ങളിലും ജയിക്കാനായില്ലെങ്കില്‍ ഈ ടീമുകളുടെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ നടക്കാതെ ആവും.