CT 2025: രോഹിത് ശർമ്മ എന്തുകൊണ്ടാണ് വിരമിക്കാത്തതെന്ന് എനിക്ക് അറിയാം: റിക്കി പോണ്ടിങ്

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.

മത്സരശേഷം ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ വിരമിക്കൽ പ്രഖ്യാപിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വാർത്താസമ്മേളനത്തിൽ രോഹിത് വിമരിക്കില്ല എന്ന് പറഞ്ഞതോടെ ആ അഭ്യൂഹങ്ങൾക്ക് വിരാമമായി. കഴിഞ്ഞ ടി 20 ലോകകപ്പ് നേടിയതിന് ശേഷം വിരാട്, രോഹിത്, ജഡേജ എന്നിവർ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ്മ വിരമിക്കാത്തതിന്റെ കാരണം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരമായ റിക്കി പോണ്ടിങ്.

റിക്കി പോണ്ടിങ് പറയുന്നത് ഇങ്ങനെ:

” ഇന്ത്യയ്ക്ക് വേണ്ടി രോഹിതിന് ഏകദിന കിരീടം കൂടി നേടികൊടുക്കണമെന്നുണ്ട്. 2023 ൽ കൈവിട്ട കിരീടം 2027 ൽ നേടാൻ കഴിയുമെന്ന ആത്‌മവിശ്വാസത്തിലാണ് രോഹിത് ശർമ്മ. അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം നോക്കു, അങ്ങനെ ഭയമില്ലാതെ കളിക്കാൻ കുറച്ചധികം ധൈര്യം വേണം. ആ ഇന്നിങ്‌സ് കണ്ടവരാരും ക്യാപ്റ്റൻ ഉടൻ വിരമിക്കണമെന്ന് പറയില്ല” റിക്കി പോണ്ടിങ് പറഞ്ഞു.

Read more