നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഫൈനലിൽ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.
ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ ഇന്ത്യൻ താരങ്ങൾ നേടിയിരിക്കുന്നത് വമ്പൻ നേട്ടങ്ങളാണ്. ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ് ലിസ്റ്റിൽ ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവർ വമ്പൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്.
ഏകദിനത്തിലെ ബാറ്റിംഗ് റാങ്കിങ്ങിൽ 784 ശുഭ്മാൻ ഗിൽ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 756 പോയിന്റുമായി രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തും, 736 പോയിന്റുമായി വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തേക്കും കുതിച്ചു. കൂടാതെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യൻ ടീമിലെ ടോപ് സ്കോററായ ശ്രേയസ് അയ്യർ 704 പോയിന്റുമായി എട്ടാം സ്ഥാനത്തേക്കും കുതിച്ചു.
ടൂര്‍ണമെന്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിങില്‍ ആറ് സ്ഥാനങ്ങള്‍ മുന്നേറി ശ്രീലങ്കയുടെ മഹീഷ് തീക്ഷണയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാമതായി. ഇന്ത്യൻ താരം കുൽദീപ് യാദവ് മൂന്നാം സ്ഥാനത്തും, രവീന്ദ്ര ജഡേജ പത്താം സ്ഥാനത്തും ഉണ്ട്. ഓൾ റൗണ്ടർ പട്ടികയിൽ ജഡേജ പത്താം സ്ഥാനത്തും, അക്‌സർ പട്ടേൽ 13 ആം സ്ഥാനത്തേക്കും കുതിച്ചു.