നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.
എന്നാൽ സമ്മാനദാന ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയ്ത മോശമായ പ്രവർത്തിയിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുന്ന ചടങ്ങിൽ പിസിബിയുടെ ഭാരവാഹികളില്‍ ആരും വേദിയിൽ പങ്കെടുത്തിരുന്നില്ല. ഐസിസിയുടെ ഭാരവാഹികളും മറ്റു ടീമുകളുടെ ഭാരവാഹികളും മത്സരത്തിൽ ഉണ്ടായിരുന്നെങ്കിലും ടൂർണമെന്റ് ഹോസ്റ്റ് ചെയ്യുന്ന രാജ്യത്തിലെ ഭാരവാഹികൾ ആരും തന്നെ സന്നിഹിതരായിരുന്നില്ല.
നിയമം അനുസരിച്ച് ആതിഥേയർ ചടങ്ങിൽ വരേണ്ടതാണ്, എന്നാൽ മത്സര ശേഷം ഇന്ത്യ കപ്പ് നേടിയതോടെ ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഉൾപ്പെടെ പിസിബിയുടെ ഭാരവാഹികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ സംഭവം വൻ വിവാദത്തിലേക്ക് പോയി. 29 വർഷങ്ങൾക്ക് ശേഷം ലഭിച്ച ഐസിസി ടൂർണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ തന്നെ പുറത്താകേണ്ടി വന്ന ടീമാണ് പാകിസ്ഥാൻ.
മത്സരത്തിൽ ഇന്ത്യയോട് ടോപ് സ്‌കോറർ രോഹിത് ശർമയാണ്. കൂടാതെ ശുഭ്മാൻ ഗിൽ 31 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ 48 റൺസും, അക്‌സർ പട്ടേൽ 29 റൺസും ഹാർദിക് പാണ്ട്യ 18 റൺസും നേടി. അവസാനം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി കെ എൽ രാഹുലും(31*) രവീന്ദ്ര ജഡേജയും (9*) ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.