ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മൊത്തത്തിൽ ടീം നന്നായി കളിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കർ. സന്ദർശകർ 184 റൺസിന് തോറ്റെങ്കിലും മത്സരം അഞ്ചാം ദിനത്തിലേക്ക് കൊണ്ടുപോകാൻ ഇന്ത്യ ഉജ്ജ്വലമായി പോരാടിയെന്ന് മഞ്ജരേക്കറിന് തോന്നി. ടീം നന്നായി ശ്രമിച്ചു എന്നും എന്നാൽ അവസാന ദിനം കാര്യ്ങ്ങൾ കൈവിട്ട് പോകുക ആയിരുന്നു എന്നുമാണ് മുൻ താരം പറഞ്ഞിരിക്കുന്നത്.
യശസ്വി ജയ്‌സ്വാൾ 84 റൺസ് നേടി ക്രീസിൽ നിൽക്കുന്നതുവരെ ഇന്ത്യ സമനില ഉറപ്പിച്ചതായിരുന്നു എന്നും എന്നാൽ അദ്ദേഹത്തിന്റെ വിവാദ പുറത്താക്കൽ ആണ് ഇന്ത്യയുടെ തോൽവിക്ക് കാരണം ആയതെന്നും മഞ്ജരേക്കർ പറഞ്ഞു. “മത്സരത്തിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഇന്ത്യക്ക് അഭിനന്ദനങ്ങൾ. ഓർക്കുക, മുഹമ്മദ് ഷമി ഇല്ലായിരുന്നു, ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മ ഇല്ലായിരുന്നു, എന്നിട്ടും, അവർക്ക് വിജയിക്കാൻ കഴിഞ്ഞു.
“ഇന്ത്യ ശരിക്കും ഒരു തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. മെൽബൺ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ നിതീഷ് കുമാർ റെഡ്ഡിയാണ് രക്ഷകനായത്, തുടർന്ന് ജസ്പ്രീത് ബുംറ ഓസ്‌ട്രേലിയയെ ഒരു ഘട്ടത്തിൽ 91/6 എന്ന നിലയിൽ ഒതുക്കി. യശസ്വി ജയ്‌സ്‌വാൾ രണ്ട് ഇന്നിംഗ്‌സിലും ബാറ്റിംഗിൽ തിളങ്ങി. ഇന്ത്യയ്ക്ക് മത്സരം വളരെ നേരത്തെ തന്നെ തോൽക്കാമായിരുന്നു, പക്ഷേ കളിക്കാർ അവിസ്മരണീയമായ പ്രകടനങ്ങൾ നടത്തി മത്സരം സജീവമാക്കി. ഓസ്‌ട്രേലിയ മികച്ച ടീമാണെന്ന് എനിക്കറിയാം, എന്നാൽ ആതിഥേയ ടീം ഉയർത്തിയ വെല്ലുവിളികളെ നേരിട്ട രീതിയിലൂടെ ക്രെഡിറ്റ് ഇന്ത്യയും അർഹിക്കുന്നു,’ അദ്ദേഹം സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
പരമ്പരയിൽ അവസാന ടെസ്റ്റ് ജനുവരി മൂന്നാം തിയതി നടക്കാനിരിക്കെ അതിൽ വിജയിച്ച് ബോർഡർ ഗവാസ്‌ക്കർ ട്രോഫി നിലനിർത്തുക എന്നതാണ് ഇന്ത്യൻ ലക്‌ഷ്യം.