2025 ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനോട് (ആർആർ) തോറ്റതിന് ശേഷം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത്. 183 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ഇന്നിങ്‌സ് 176 റൺസിന് പുറത്താക്കുക ആയിരുന്നു.
180 ന് മുകളിലുള്ള സ്കോറുകൾ പിന്തുടരാൻ ചെന്നൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ കഴിവിനെക്കുറിച്ച് വീരേന്ദർ സെവാഗ് ചോദ്യങ്ങൾ ഉന്നയിച്ചു. രാജസ്ഥാനെതിരെ അവർ 176/6 എന്ന നിലയിൽ പോരാട്ടം അവസാനിപ്പിക്കുക ആയിരുന്നു. അഞ്ച് വർഷമായി ഐപിഎല്ലിൽ 180 ൽ കൂടുതൽ സ്കോറുകൾ പിന്തുടരാൻ ടീമിന് കഴിഞ്ഞിട്ടില്ലെന്ന് സെവാഗ് പറഞ്ഞു.
“ഒന്നോ രണ്ടോ മത്സരങ്ങൾ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. സമീപകാല മത്സരങ്ങളൊന്നും ഓർമ്മ വരുന്നില്ല. അഞ്ച് വർഷമായി, സിഎസ്‌കെയ്ക്ക് 180 ൽ കൂടുതൽ സ്കോറുകൾ പിന്തുടരാൻ കഴിഞ്ഞിട്ടില്ല,” മത്സരത്തിന് ശേഷം അദ്ദേഹം ക്രിക്ക്ബസിൽ പറഞ്ഞു.
2019 ഐപിഎല്ലിന് ശേഷം, സിഎസ്‌കെ ഒരിക്കലും 180 റൺസിന് മുകളിലുള്ള സ്കോറുകൾ പിന്തുടർന്ന് ജയിച്ചിട്ടില്ല. മാത്രമല്ല, 2021 ഐപിഎല്ലിന് ശേഷം 175 റൺസിൽ കൂടുതൽ എന്ന ലക്ഷ്യം പിന്തുടരുന്നതിനിടെ രാജസ്ഥാനെതിരായ തോൽവി അവരുടെ തുടർച്ചയായ ഒമ്പതാമത്തെ തോൽവിയാണ്.
കൂടാതെ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എം.എസ്. ധോണിയെയും സമീപകാലത്ത് കളികൾ പൂർത്തിയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും സേവാഗ് പരിഹസിച്ചു.
“രണ്ട് ഓവറിൽ 40 റൺസ് നേടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മധ്യനിരയിൽ എത്ര വലിയ കളിക്കാരനാണെങ്കിലും, അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നോ രണ്ടോ തവണ നിങ്ങൾ വിജയിച്ചിട്ടുണ്ട്, അത്രമാത്രം. അക്സർ പട്ടേലിന്റെ അവസാന ഓവറിൽ അടിച്ചതും ഇർഫാൻ പത്താനെതിരെയും അവൻ അടിച്ചുപറത്തിയത് മാത്രമാണ് വലിയ റൺ പിന്തുടർന്നത് ഞാൻ ഓർക്കുന്നത്.”
രാജസ്ഥാനെതിരായ മത്സരത്തിൽ എം.എസ്. ധോണി 11 പന്തിൽ നിന്ന് 16 റൺസ് നേടി പുറത്തായി.