മായങ്ക് യാദവിനെ ട്രോളാൻ നോക്കിയതാ, പ്രമുഖനെ കണ്ടം വഴിയോടിച്ച് മുരളി കാർത്തിക്ക്; മറുപടി ഏറ്റെടുത്ത് ആരാധകർ

ബംഗ്ലാദേശിനെതിരായ ആദ്യ ടി20 ഐയിലൂടെയാണ് മായങ്ക് യാദവ് ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്. പരിക്കിൽ നിന്ന് തിരിച്ചുവന്ന പേസർ, അഞ്ച് മാസത്തിന് ശേഷമാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. നാല് ഓവറിൻ്റെ മുഴുവൻ ക്വാട്ടയും എറിഞ്ഞ അദ്ദേഹം 21 റൺ മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

തകർപ്പൻ വേഗത്തിലൂടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ശ്രദ്ധേയനായ താരം തന്റെ പേസിന് അല്ല അമിത പ്രാധാന്യം നൽകിയത്. അമിത വേഗത്തിന് പകരം കൃത്യമായ ലൈനിലും ലെങ്ങ്തിലും പന്തെറിയുന്നതിൽ ശ്രദ്ധിച്ച താരം രണ്ടാം ടി20യിൽ 30 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റ് വീഴ്ത്തി. അതേസമയം പരമ്പരയിൽ മായങ്ക് 150 കിലോമീറ്റർ വേഗതയിൽ ക്ലിക്കുചെയ്‌തിട്ടില്ലെന്ന് കമന്ററി ബോക്സിൽ ഉണ്ടായിരുന്ന മുൻ ബംഗ്ലാദേശ് ഓപ്പണർ തമീം ഇഖ്ബാൽ എടുത്തുപറഞ്ഞു. മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്, ബംഗ്ലാദേശ് ടീമും ഇതുവരെ 150 റൺ നേടിയിട്ടില്ല എന്ന് പറഞ്ഞ് കളിയാക്കി.

“ഈ പരമ്പരയിൽ മായങ്ക് യാദവ് 150 സ്പീഡ് കടന്നിട്ടില്ല” തമീം കമൻ്ററിയിൽ പറഞ്ഞു.

“ബംഗ്ലദേശിനും അതിന് സാധിച്ചില്ല” കാർത്തിക് മറുപടി പറഞ്ഞു.

മത്സരത്തിലേക്ക് വന്നാൽ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ 86 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഇന്ത്യ 2-0 ത്തിന് നേടി. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും പൂർണ അധിപത്യമായിരുന്നു ഇന്ത്യ ഇന്ന് കളിക്കളത്തിൽ നടത്തിയത്. ബോളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നിതീഷ് കുമാർ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

കൂടാതെ അഭിഷേക് ശർമ്മ, റിയാൻ പരാഗ്, വാഷിംഗ്‌ടൺ സുന്ദർ, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദുള്ള മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 39 പന്തുകളിൽ 41 റൺസ് നേടി. കൂടാതെ പർവേസ് ഹൊസൈൻ 12 പന്തിൽ 16 റൺസും, ലിറ്റർ ദാസ് 11 പന്തിൽ 14 റൺസും, നജ്മുൽ ഷാന്റോ 7 പന്തിൽ 11 റൺസും, മെഹന്ദി ഹസൻ 16 പന്തിൽ 16 റൺസും മാത്രമാണ് നേടിയത്. ബോളിങ്ങിൽ റിഷാദ് ഹൊസൈൻ മൂന്നു വിക്കറ്റുകളും, ടാസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, തൻസീം ഹസൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.

Read more