ആദ്യ കിരീടനേട്ടം ലക്ഷ്യമിട്ട് മിതാലിരാജും സംഘവും ന്യൂസിലന്റില്‍ വനിതാലോകപ്പില് കഠിനമായ പോരാട്ടം നടത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുരുഷതാരങ്ങള്‍ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇറങ്ങാനുള്ള പരിശീലനത്തിലാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ബിസിസിഐയുടെ കോടികളുടെ കരാറുകള്‍ നേടിയവര്‍ക്ക് ഐപിഎല്ലിലും കോടികള്‍ വാരാന്‍ അവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണ് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റില്‍ താരങ്ങളുടെ ലിംഗവിവേചനം രൂക്ഷമാണെന്ന് ബിസിസിഐയുടെ വാര്‍ഷിക കരാറുകള്‍ വ്യക്തമാക്കുന്നുണ്ട്.
ബിസിസിഐ കരാറിലുള്ള താരങ്ങളുടെ അടിസ്ഥാന ശമ്പളം ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കും. 2021-22 ബിസിസിഐ കരാറില്‍ വനിതാ താരങ്ങളിലെ എ ഗ്രേഡില്‍ ഉള്ളവര്‍ക്ക് കിട്ടുന്നത് 50 ലക്ഷം രൂപയാണ്. ബി വിഭാഗത്തിലുള്ളവരുടെ വാര്‍ഷികശമ്പളം 30 ലക്ഷം, സി വിഭാഗത്തില്‍ കരാറുള്ളവര്‍ക്ക് വര്‍ഷം കിട്ടുന്നത് 10 ലക്ഷം. അതേസമയം പുരുഷ താരങ്ങളില്‍ ഏ പ്ലസ് കാറ്റഗറിയില്‍ ഉള്ള താരങ്ങള്‍ക്ക് ഏഴുകോടി രൂപ കിട്ടുമ്പോള്‍ എ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അഞ്ചുകോടിയും ബി കാറ്റഗറിക്കാര്‍ക്ക് മൂന്ന് കോടിയും സി കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് ഒരു കോടിയും കിട്ടുന്നു.
ഇന്ത്യന്‍ വനിതാടീമില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങൂന്ന താരം സ്മൃതി മന്ദനയാണ്. എന്നാല്‍ സ്മൃതി മന്ദനയ്ക്ക് കിട്ടുന്ന പണം 2004 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് അടക്കിഭരിച്ച ഇതിഹാസ താരങ്ങളായ സച്ചിനും ദ്രാവിഡും ഗാംഗുലിയും വാങ്ങിരുന്ന തുകയ്ക്ക് തത്തുല്യമാണ്. 50 ലക്ഷം രൂപ. അതേസമയം ഇന്ത്യന്‍ വനിതാടീമിനും ദീര്‍ഘകാലമായ ചരിത്രമുണ്ട്. 1970 കളും 80 കളും മുതല്‍ ഇന്ത്യയ്ക്ക് വനിതാക്രിക്കറ്റ് ടീമും തുടങ്ങിയിരുന്നു. എന്നാല്‍ അന്നു മുതല്‍ ഇന്നുവരെ ട്രെയിനില്‍ ബര്‍ത്തുകളും ക്രിക്കറ്റ് കിറ്റുകളുമെല്ലാം പങ്കുവെയ്ക്കുന്ന സ്ഥിതിയുണ്ട്.
ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നവര്‍ക്ക് ബിസിസിഐയുടെ ഈ കരാര്‍ തുകയ്ക്ക് പുറമേ മാച്ച് ഫീസും പ്രൈസ്മണിയും ബിസിസിഐയുടെ വാര്‍ഷിക വരുമാനത്തിന്റെ ശതമാനവുമെല്ലാമുണ്ട്. തങ്ങളുടെ വരുമാനത്തിന്റെ 26 ശതമാനം കളിക്കാര്‍ക്കും ബിസിസിഐ നല്‍കുന്നുണ്ട്. ഇതില പുരുഷതാരങ്ങള്‍ക്ക് 13 ശതമാനവും ആഭ്യന്തര ക്രിക്കറ്റര്‍മാര്‍ക്ക് 10.3 ശതമാനവും കൊടുക്കുമ്പോള്‍ ജൂനിയര്‍ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കും നല്കുന്നതാകട്ടെ 2.7 ശതമാനം മാത്രമാണ്.
Read more
50 ലക്ഷം കിട്ടുന്ന വാര്‍ഷിക കരാറില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതിമന്ദന, പൂനം യാദവ്, ദീപ്തിശര്‍മ്മ, രാജേശ്വരി ഗേയ്ക്കവാദ് എന്നിവരെയാണ് ബിസിസി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകകപ്പ് ടീമിനെ നയിക്കുന്ന മിതാലിരാജ്, വെറ്ററന്‍ ബൗളര്‍ ജുലന് ഗോസ്വാമി, ടാന്യഭാട്ടിയ, ഷഫാലി വര്‍മ്മ, പൂജാ വസ്ത്രാകര്‍ എന്നിവര്‍ക്ക് 30 ലക്ഷം വാര്‍ഷിക വരുമാനം കിട്ടുന്ന ബി കാറ്റഗറിയിലാണ്. 10 ലക്ഷം പ്രതിഫലം വരുന്ന സി കാറ്റഗറിയില്‍ പൂനം റൗത്ത്, ശിഖാ പാണ്ഡേ, ജമീമ റോഡ്രിഗ്രസ്, റിച്ചാഘോഷ്, ഹര്‍ലീന്‍ ഡിയോള്‍, അരുന്ധതി റെഡ്ഡി, സ്നേഹ റാണ എന്നിവരും ഉള്‍പ്പെടുന്നു. ഏഴു കോടിയുടെ എപ്ലസ് കാറ്റഗറിയില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത് രോഹിത്ശര്‍മ്മ, വിരാട്കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവരെയാണ്.