അവസാന സെമിയില്‍ സംഭവിച്ചത് എന്താണെന്ന് ഓര്‍മ്മയുണ്ടല്ലോ അല്ലെ?, ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട്

ടി20 ലോകകപ്പ് സെമി ഫൈനല്‍ നാളെ നടക്കാനിരിക്കെ ഇന്ത്യയെ പരിഹസിച്ച് എതിരാളികളായ ഇംഗ്ലണ്ട്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരിഹസിച്ചിരിക്കുന്നത്.

‘അവസാന സെമിയില്‍ സംഭവിച്ചത് എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?’ എന്ന ചോദ്യത്തോടൊപ്പം ജോസ് ബട്ട്‌ലര്‍ വിജയാഹ്ളാദം നടത്തുന്ന ചിത്രം ഇംഗ്ലണ്ട് ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവെച്ചു.

2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 168 റണ്‍സടിച്ചപ്പോള്‍ 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും. ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.